'ഐ ലവ് മുഹമ്മദ്' പോസ്റ്റുകളുടെ പേരില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‍ലിങ്ങള്‍ക്ക് എതിരെ  പൊലീസ് കേസ്. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ നബിദിന റാലിയോട് അനുബന്ധിച്ച് ഉയര്‍ത്തിയ പോസ്റ്ററിന് പിന്നാലെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. പോസ്റ്ററിന്‍റെ പേരില്‍ പൊലീസ് കേസെടുത്തതോടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധ റാലി നടക്കുകയും ചിലയിടങ്ങളില്‍ പൊലീസുമായി സംഘര്‍ഷമുണ്ടാവുകയും ചെയ്തു. 

സെപ്റ്റംബര്‍ നാലിന് നബി ദിനത്തോട് അനുബന്ധിച്ച് കാന്‍പൂരിലെ റാവത്പൂരിലാണ് ആദ്യമായി 'ഐ ലവ് മുഹമ്മദ്' എന്ന ബാനര്‍ പ്രത്യക്ഷപ്പെടുന്നത്. റാലി കടന്നുപോകുന്ന പ്രദേശത്താണ് ഒരു സംഘം ബാനര്‍ സ്ഥാപിച്ചത്. ഇതിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തെത്തി. ഇതൊരു പുതിയ പ്രവണതയാണെന്നും പ്രകോപനപരമാണെന്നുമായിരുന്നു വിവിധ ഹിന്ദു സംഘടനകളുടെ വാദം. ഇതിന് പിന്നാലെ പൊലീസ് കേസെടുത്തു.

മതഘോഷയാത്രകളില്‍ പുതിയ ആചാരങ്ങള്‍ കൊണ്ടുവരുന്നതിനെ സര്‍ക്കാര്‍ നിയമങ്ങള്‍ എതിര്‍ക്കുന്നു എന്നാണ് കാന്‍പൂര്‍ ഡിസിപി ദിനേശ് ത്രിപാഠി പറഞ്ഞത്. ഇതിന്‍റെ പേരില്‍ സെപ്റ്റംബര്‍ ഒന്‍പതിന് പൊലീസ് കേസെടുത്തു. ഒന്‍പത് പേരെ പ്രതികളാക്കി, കണ്ടാലറിയാവുന്ന 15പേര്‍ക്ക് എതിരെയായിരുന്നു കേസ്. പുതിയ ആചാരങ്ങള്‍ കൊണ്ടുവന്ന്, മതസൗഹാര്‍ദ അന്തരീഷം തകര്‍ത്തു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. 

കരയാതിരിക്കാന്‍ വായില്‍ കല്ലുതിരുകി പശതേച്ച് ഒട്ടിച്ചു; നവജാത ശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍


എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസൈസുദ്ദീന്‍ ഒവൈസി വിഷയം ഏറ്റെടുത്തതോടെയാണ് വലിയ ശ്രദ്ധ കിട്ടുന്നത്. 'ഐ ലവ് മുഹമ്മദ്' എന്ന് പറയുന്നത് ക്രിമിനല്‍ പ്രവര്‍ത്തനമല്ലെന്നാണ് ഒവൈസി പറഞ്ഞത്. കാന്‍പൂര്‍ പൊലീസിനെ ടാഗ് ചെയ്തുള്ള ഒവൈസിയുടെ പോസ്റ്റ് വലിയ ചര്‍ച്ചയായി. ബാനറിന്‍റെ പേരിലല്ല കേസെടുത്തതെന്നും പുതിയ സ്ഥലത്ത് ബാനര്‍ സ്ഥാപിച്ചപ്പോള്‍ മറ്റൊരു സംഘത്തിന്‍റെ പോസ്റ്റര്‍ നശിപ്പിച്ചതിനാണ് കേസെന്നും കാന്‍പൂര്‍ പൊലീസ് വ്യക്തതവരുത്തി. എന്നാല്‍ വിഷയത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം നടക്കുകയാണ്. 

ഉത്തരാഖണ്ഡ്, തെലങ്കാന, മഹാരാഷ്ട്ര എന്നിങ്ങനെ വിവിധ ഇടങ്ങളിലാണ് പ്രതിഷേധം ഉയര്‍ന്നത്. മുസ്‍ലിങ്ങള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെയാണ് പല പ്രതിഷേധളും. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 'ഐ ലവ് മുഹമ്മദ്' ബാനറുമായി ഒത്തുകൂടിയ ജനക്കൂട്ടം മതപരമായ മുദ്രവാഖ്യങ്ങള്‍ മുഴക്കി. സംഘര്‍ഷമുണ്ടവുകയും പൊലീസിന് നേര്‍ക്ക് കല്ലേറുണ്ടാവുകയും ചെയ്തു. അഞ്ചു പേരെ അറസ്റ്റ് ചെയ്തു. 

പോസ്റ്റര്‍ നീക്കുന്നതിന്‍റെ പേരില്‍ ബറേലിയില്‍ നാട്ടുകാരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. ഗുജറാത്തിലെ ഗോധ്രയില്‍ പൊലീസ് സ്റ്റേഷന്‍ തകര്‍ത്തതിന്‍റെ പേരില്‍ 17 പേരെ അറസ്റ്റ് ചെയ്യുകയും 80 പേര്‍ക്കെതി കേസെടുക്കുകയും ചെയ്തു.  ലഖ്നൗ വിദാന്‍ ഭവന് മുന്നില്‍ മുസ്‍ലിം സ്ത്രീകള്‍ പ്രതിഷേധിച്ചു. ഉത്തരാഖണ്ഡിലെ കാശിപൂരിെല അലി ഖാനില്‍ അനധികൃത റാലിയില്‍ പൊലീസുമായി സംഘര്‍ഷമുണ്ടായി. പ്രതിഷേധിച്ചവര്‍ കല്ലെറയുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു. 

‘ഐ ലവ് മുഹമ്മദ്’ എന്ന സൈൻ ബോർഡുകൾ നീക്കം ചെയ്യുന്നത് മതപരമായ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിന്‍റെ ലക്ഷമാണെന്നാണ് വിമര്‍ശകരുടെ വാദം. 'ഐ ലവ് റാം' ആണെങ്കിലും 'ഐ ലവ് മുഹമ്മദ്' ആണെങ്കിലും പൊലീസ് പരാജയമാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമെന്ന് സമാജ്‍വാദി പാര്‍ട്ടി പ്രതികരിച്ചു. പൊലീസിനെ ലക്ഷ്യമിടാനും നിയമം ലംഘിക്കാനുമുള്ള ശ്രമം ഉടനടി നേരിടും എന്നാണ് ബിജെപിയുടെ പ്രതികരണം. 

ENGLISH SUMMARY:

I Love Muhammad controversy sparks police cases and protests across India. The issue began with banners displayed during a Nabi Day rally in Kanpur, leading to clashes and arrests.