Image Credit: X@up24network
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്കയ്ക്ക് പിന്നാലെ രാജ്യത്തെ വിവിധയിടങ്ങളില്‍ പെട്രോള്‍ പമ്പുകളില്‍ നീണ്ട ക്യൂ. മഹാരാഷ്ട്രയില ഛത്രപതി സംഭാജിനഗറിലെ വിവിധ പമ്പുകളില്‍ കഴിഞ്ഞ ദിവസം വലിയ തിരക്കുണ്ടായി. ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ ജനങ്ങള്‍ കുപ്പിയും കന്നാസുമായി പെട്രോള്‍ പമ്പുകളിലെത്തി എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇന്ധനശേഖരം കുറവാണെന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിന് പിന്നാലെയാണ് സംഭവങ്ങള്‍. വ്യാജപ്രചാരണം എണ്ണ കമ്പനികള്‍ തള്ളി.
ഛത്രപതി സംഭാജിനഗറിലെ വിവിധ പമ്പുകളിലേക്ക് ജനം ഒഴുകി എത്തിയതോടെ കഴിഞ്ഞ ദിവസം ഉച്ചയോടെ നഗരത്തിലെ പമ്പുകളില്‍ എണ്ണ കാലിയായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മറാത്ത്‌വാഡ മേഖലയിലെ ചില ഭാഗങ്ങളിലും സമാന തിരക്ക് അനുഭവപ്പെട്ടു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പെട്രോള്‍ പമ്പുളില്‍ വ്യാഴാഴ്ച ജനതിരക്കുണ്ടായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിഘാസൻ, ഭിര പോലീസ് സ്റ്റേഷൻ പരിധിയില്‍ ജനങ്ങള്‍ ഇരുചക്രവാഹനങ്ങളിലും കാറുകളിലും ട്രാക്ടറുകളിലും എണ്ണ ശേഖരിക്കാനെത്തി. ബരാബങ്കി ജില്ലയിലെ അജ്‌ഗാന, സദ്ദിപൂർ, ഫത്തേപൂർ പ്രദേശങ്ങളിലും തിരക്കുണ്ടായി. കൃഷിയുടെ സീസൺ അടുത്തിരിക്കെ ഡീസല്‍ ലഭ്യത കുറയുമോ എന്ന് ആശങ്കയുള്ളതായി കര്‍ഷകര്‍ പറയുന്നു. പെട്ടന്ന് ക്ഷാമമോ വില വര്‍ധനവോ ഉണ്ടായാല്‍ കൃഷിയെ നേരിട്ട് ബാധിക്കുന്നതിനാലാണ് കര്‍ഷകര്‍ മുന്‍കൂട്ടി ഡീസല്‍ ശേഖരിക്കുന്നത്.
അതേസമയം ഇന്ത്യയിൽ പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടാകാൻ സാധ്യതയുണ്ടെന്ന് സോഷ്യൽ മീഡിയ പ്രചാരണങ്ങളെ പൊതുമേഖലാ എണ്ണക്കമ്പനികൾ തള്ളി. രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും വിതരണം സാധാരണഗതിയിലാണെന്നും ബിപിസിഎല്‍ വ്യക്തമാക്കി. ബിപിസിഎൽ പൂർണമായും പ്രവർത്തനക്ഷമമാണെന്നും തടസ്സമില്ലാത്ത ഇന്ധന വിതരണത്തിന് പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി വ്യക്തമാക്കി. രാജ്യത്ത് 25 ദിവസത്തേക്ക് ആവശ്യമായ അസംസ്കൃത എണ്ണയും 25 ദിവസത്തേക്കുള്ള പെട്രോളും ഡീസലും സ്റ്റോക്കുണ്ടെന്നാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.