Image Credit : Twitter
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശക്തമായ കൊടുങ്കാറ്റില്‍ യുവാവ് പറന്നുപോയതായി റിപ്പോര്‍ട്ട്. ഏകദേശം 50 അടിയോളം ഉയരത്തില്‍ പറന്നുപൊങ്ങിയ ശേഷമാണ് യുവാവ് തെറിച്ചുവീണത്. വീഴ്ച്ചയില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് ചികില്‍സയിലാണ്. തകരഷെഡിനൊപ്പം പറന്നുപോകുന്ന യുവാവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ബറേലി ജില്ലയിലെ ബാമിയാന സ്വദേശി നാൻഹെ മിയാൻ എന്ന വ്യക്തിക്കാണ് കൊടുങ്കാറ്റില്‍ അപകടം സംഭവിച്ചത്. കാറ്റിൽ നിന്ന് ഷെഡ് സംരക്ഷിക്കാൻ കയറിൽ പിടിച്ചു നിൽക്കുകയായിരുന്നു നാൻഹെ. എന്നാല്‍ ശക്തമായ കാറ്റില്‍ തകരഷെഡിനൊപ്പം നാന്‍ഹെയും 30–40 അടിയോളം പറന്നുപൊങ്ങുകയും 50 അടി അകലേയ്ക്ക് തെറിച്ച് വീഴുകയുമായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ നാൻഹെ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം ശക്തമായ മഴയിലും കാറ്റിലും ഉത്തര്‍പ്രദേശില്‍ 100ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പ്രയാഗ്‌രാജ്, ഭാദോഹി, ഫത്തേപൂർ, സോൻഭദ്ര തുടങ്ങിയ ജില്ലകളിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.