വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടും ആണ്‍കുഞ്ഞിന് ജന്മം നൽകിയെന്നും കുട്ടി സര്‍ക്കാരിന്‍റെയാണെന്നും ആരോപിച്ച് യുവതി രംഗത്ത്. ഉത്തര്‍പ്രദേശിലാണ് സംഭവം. ഇരുപത്തിയേഴുകാരി സ്ത്രീ ജില്ലാ മജിസ്ട്രേറ്റിനാണ് പരാതി നൽകിയത്. കോടതി സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ചീഫ് മെഡിക്കൽ ഓഫീസറോട് (സിഎംഒ) ആവശ്യപ്പെട്ടു.

രണ്ട് കുട്ടികളുടെ അമ്മയായ യുവതി വന്ധ്യംകരണം കഴിഞ്ഞ്, 18 മാസങ്ങൾക്ക് ശേഷം ആൺകുട്ടിയെ പ്രസവിച്ചു. ആരോഗ്യ വകുപ്പിന്‍റെ അശ്രദ്ധ മൂലമാണ് പ്രസവം നടന്നതെന്നും ഇപ്പോൾ ഒന്നര വയസ്സുള്ള ആൺകുട്ടിയെ വളർത്തേണ്ട ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും യുവതി കോടതിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

രണ്ട് കുട്ടികൾ ജനിച്ചതിന് ശേഷം വന്ധ്യംകരണത്തിന് വിധേയയായതായി 35 വയസ്സുള്ള ഭർത്താവും പറഞ്ഞു. ശസ്ത്രക്രിയ പൂർണ്ണമായും വിജയകരമായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നതായും ഇയാള്‍ പറയുന്നു. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്ന് സിഎംഒ ഡോ. വീരേന്ദ്ര സിംഗ് പറഞ്ഞു. കേസ് ഫയൽ വീണ്ടെടുക്കുകയാണെന്നും അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ENGLISH SUMMARY:

A woman in Uttar Pradesh, India, gave birth to a baby boy 18 months after undergoing sterilization surgery, leading her to claim medical negligence and demand the government take responsibility for raising the child. She has filed a complaint with the District Magistrate, and the court has ordered an investigation by the Chief Medical Officer.