സിനിമയെ വെല്ലുന്ന ട്വിസ്റ്റ്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ഗ്രാമത്തില്‍ ഭാര്യാ സഹോദരിയുമായി ഒളിച്ചോടിയ യുവാവിന് അതേ നാണയത്തില്‍ പണികൊടുത്തിരിക്കുകയാണ് അളിയന്‍. തൊട്ടടുത്ത ദിവസങ്ങള്‍ രണ്ട് ഒളിച്ചോട്ടമാണ് കുടുംബത്തില്‍ നടന്നത്. ഇതിന്‍റെ ആശ്ചര്യത്തില്‍ കേസ് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും എല്ലാം രമ്യതയില്‍ അവസാനിച്ചു എന്നാണ് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശിലെ കമലുപുര്‍ ഗ്രാമത്തിലാണ് സംഭവം. ആറു വര്‍ഷം മുന്‍പ് വിവാഹിതനായ കേശവ് രണ്ട് മക്കളുടെ പിതാവാണ്. ഓഗസ്റ്റ് 23 ന് അയാളും 19 കാരിയായ ഭാര്യ സഹോദരി കല്‍പ്പനയും ഒളിച്ചോടി. സംഭവം പുറത്തുവന്നതിന് പിന്നാലെ തിരച്ചില്‍ നടന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. കേശവിനായുള്ള തിരച്ചിലിനിടെയാണ് ഭാര്യ സഹോദരന്‍ 22 കാരനായ രവീന്ദ്ര കേശവിന്‍റെ 19 കാരിയായ സഹോദരിയുമായി ഒളിച്ചോടിയത്.
തുടര്‍ച്ചയായ ഒളിച്ചോട്ടങ്ങളില്‍ കുടുംബം ഞെട്ടി. നവാബ്ഗഞ്ച് പൊലീസില്‍ പരാതി നല്‍കി. തിരച്ചിലിനൊടുവില്‍ സെപ്റ്റംബര്‍ 14, 15 തീയതികളിലായി രണ്ട് ദമ്പതികളെയും പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെ കുടുംബം സ്റ്റേഷനിലെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. ഏറ്റുമുട്ടലിനുപകരം അനുരഞ്ജനത്തിന്‍റെ പാതയായിരുന്നു കുടുംബം സ്വീകരിച്ചത്. നാട്ടിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇരു ദമ്പതികളെയും അംഗീകരിക്കാമെന്ന് കുടുംബങ്ങള്‍ സമ്മതിക്കുകയായിരുന്നു. ഇതോടെ നിയമനടപടികൾ അവസാനിപ്പിക്കാനും തീരുമാനം.