File Image: X/AirIndiaX
160 യാത്രക്കാരുമായി ബെംഗളൂരുവില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡ് ചെയ്യാനുള്ള ആദ്യശ്രമം ഉപേക്ഷിച്ചു. മധ്യപ്രദേശിലെ ഗ്വാളിയാര്‍ വിമാനത്താവളത്തിലാണ് സംഭവം. ഒരിക്കല്‍ കൂടി വട്ടമിട്ട് പറന്ന വിമാനം രണ്ടാം ശ്രമത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. സാങ്കേതിക തകരാറുകളൊന്നും സംഭവിച്ചിട്ടില്ലെന്നും യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് പിടിഐയോട് പ്രതികരിച്ചു.
ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങിയിട്ടും വിമാനം തിരികെ പറന്നുയര്‍ന്നത് യാത്രക്കാരെ ഒരുവേള പരിഭ്രാന്തിയിലാക്കി. ഭയന്നുപോയ യാത്രക്കാര്‍ വിമാന കമ്പനിക്കും ജീവനക്കാര്‍ക്കുമെതിരെ പരാതി നല്‍കിയിട്ടുണ്ട്. യാത്രക്കാരെ സുരക്ഷിതരായി നിലത്തിറക്കിയതിന് പിന്നാലെ വിമാനം പരിശോധിച്ചുവെന്നും തകരാറുകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അധികൃതര്‍ വിശദമാക്കുന്നു. വിമാനം തിരികെ സുരക്ഷിതമായി ബെംഗളൂരുവില്‍ പിന്നീട് എത്തുകയും ചെയ്തു.
ഓഗസ്റ്റ് മൂന്നിന് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ തന്നെ IX 27118 എന്ന വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ ബെംഗളൂരുവില്‍ തിരിച്ചിറക്കിയിരുന്നു. സാങ്കേതിക തകരാര്‍ കണ്ടതോടെയായിരുന്നു നടപടി. യാത്രക്കാരുടെ സുരക്ഷ കരുതി വിമാനത്തിലെ ഇന്ധനം എരിച്ചു കളഞ്ഞ ശേഷമാണ് ലാന്‍ഡ് ചെയ്തതെന്നും എല്ലാ നടപടി ക്രമങ്ങളും പാലിച്ചിരുന്നുവെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. യാത്രക്കാര്‍ക്ക് പകരം വിമാനവും എയര്‍ ഇന്ത്യ എക്സ്പ്രസ് സജ്ജമാക്കിയിരുന്നു.
ഇന്നലെ മുംബൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തിന്‍റെ വാലറ്റം റണ്‍വേയില്‍ ഇടിച്ചതും യാത്രക്കാരെ പരിഭ്രാന്തരാക്കിയിരുന്നു. ലാന്‍ഡിങിനൊരുങ്ങവേയാണ് വാലറ്റം റണ്‍വേയില്‍ ഉരസിയത്. തുടര്‍ന്ന് വീണ്ടും പറന്നുയര്‍ന്നതിന് ശേഷം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. ബാങ്കോക്കില്‍ നിന്നെത്തിയതായിരുന്നു വിമാനം. മോശം കാലാവസ്ഥയാണ് കാരണമെന്ന് വിമാനത്താവളം അധികൃതര്‍ പിന്നീട ്വിശദീകരിച്ചു. ഇന്നലെ മാത്രം 14 ഫ്ലൈറ്റുകളാണ് ഒന്നിലധികം വട്ടം കറങ്ങിയെത്തിയ ശേഷം ലാന്‍ഡ് ചെയ്തത്.