ബാങ്കോക്കില്‍ നിന്ന് മുംബൈയിലേക്ക് എത്തിയ വിമാനം ലാന്‍ഡിങിനിടെ വാലറ്റം റണ്‍വേയില്‍ ഇടിച്ചു. ഇന്‍ഡിഗോയുടെ 6E 1060 എന്ന ഫ്ലൈറ്റാണ് കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് വാലറ്റം ഇടിച്ചത്. സംഭവത്തില്‍ വിമാന യാത്രക്കാര്‍ക്കോ, ജീവനക്കാര്‍ക്കോ പരുക്കില്ല. കാലാവസ്ഥ മോശമാണെന്ന് കണ്ടെത്തിയതോടെ താഴ്ന്ന് പറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വാലറ്റം ഇടിച്ചതെന്നും അടുത്ത ശ്രമത്തില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിക്കാനായി എന്നും അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, വിമാനത്തിന്‍റെ വാലറ്റം ഇടിച്ചുവെന്ന വിവരം വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരോ, വിമാനക്കമ്പനിയോ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചിട്ടില്ല. വിമാനത്തിന്‍റെ സുരക്ഷാ പരിശോധനകളില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ഇന്‍ഡിഗോ അറിയിച്ചു.
വിമാനത്തിന്‍റെ വാലറ്റം ഇടിച്ചതില്‍ ആശങ്ക വേണ്ടതെന്നും A321 വിമാനങ്ങളുടെ വാലിന് സാധാരണയില്‍ അധികം നീളമുള്ളതിനാല്‍ പലപ്പോഴും ഇത് സംഭവിച്ചിട്ടുണ്ടെന്നും ഗുരുതരമല്ലെന്നുമാണ് വിദഗ്ധര്‍ പറയുന്നു. വാലറ്റം ഇടിച്ച് പോറലുകള്‍ വീഴുക മാത്രമേയുണ്ടായിട്ടുള്ളൂവെന്നും വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും മുംബൈ വിമാനത്താവളം അധികൃതരും വിശദീകരിക്കുന്നു.
കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടര്‍ന്ന് 14 ഫ്ലൈറ്റുകളെങ്കിലും ഇന്നലെ ഒന്നിലധികം വട്ടം കറങ്ങിയെത്തിയ ശേഷമാണ് ലാന്‍ഡ് ചെയ്തത്. മൂന്ന് ഫ്ലൈറ്റുകള്‍ മഴയെ തുടര്‍ന്ന് വഴി തിരിച്ചുവിട്ടുവെന്നും വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.