Image Credit: flightrada4/ AFP
മുംബൈയില്‍ നിന്നും ദുബായിലേക്ക് പോയ എമിറേറ്റ്സ് വിമാനത്തിന് മിസൈല്‍ ഭീഷണി. ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് വന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വിമാനം രണ്ടുവട്ടം തിരികെ പറന്നുവെന്നാണ് ഫ്ലൈറ്റ് റഡാര്‍ 24 രേഖകള്‍ വ്യക്തമാക്കുന്നത്. അത്യപൂര്‍വമായി മാത്രമാണ് ഇത്തരത്തില്‍ വിമാനങ്ങള്‍ തിരികെ പറക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. EK 501 എന്ന വിമാനമാണ് മുംബൈയില്‍ നിന്നും ദുബായിലേക്ക് എത്തിയത്. മിസൈല്‍ ഭീഷണിയുണ്ടെന്ന് സന്ദേശം ലഭിച്ചതോടെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറിയ വിമാനം തുടര്‍ന്ന് ലാന്‍ഡ് ചെയ്തു.
അതേസമയം, സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ യുഎഇയില്‍ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം എത്തി. 149 യാത്രക്കാരെയാണ് എയര്‍ ഇന്ത്യ സുരക്ഷിതമായി രാജ്യത്തെത്തിച്ചത്. സ്പൈസ്ജെറ്റ് നാല് ഫ്ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയും അതിവേഗം പൗരന്‍മാരെ ഒഴിപ്പിക്കുകയാണ്. ഇറാനില്‍ കനത്ത ആക്രമണത്തിന് അമേരിക്ക പദ്ധതിയിടുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കൂട്ട ഒഴിപ്പിക്കല്‍. ഇറാന്‍റെ ആക്രമണത്തില്‍ നേരത്തെ ആറ് യുഎസ് സൈനികര്‍കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. മധ്യപൂര്‍വ ദേശത്തെ യുഎസ് സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.
ഇറാനില്‍ ഇസ്രയേലിന്‍റെയും അമേരിക്കയുടെയും ആക്രമണം കടുക്കുകയാണ്. ടെഹ്റാനില്‍ വലിയ സ്ഫോടനങ്ങള്‍ വീണ്ടും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മരണസംഖ്യം 700 കടന്നുവെന്നാണ് റെഡ് ക്രസന്‍റിന്‍റെ കണക്ക്.