indigo-flight-delay-singapore

TOPICS COVERED

ചെന്നൈ വിമാനത്താവളത്തില്‍ ഇരുന്നൂറോളം യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ കുടുങ്ങിയത് അഞ്ച് മണിക്കൂറോളം. ഇന്ന് രാവിലെ ചെന്നൈയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരാണ് അപ്രതീക്ഷിതമായി വിമാനം വൈകിയത് മൂലം വിമാനത്തിനുള്ളില്‍ തന്നെ മണിക്കൂറുകളോളം കഴിച്ചുകൂട്ടിയത്. യാത്രക്കാർ രാവിലെ 6.30ന് വിമാനത്തില്‍ കയറിയെങ്കിലും മണിക്കൂറുകളോളം വൈകിയ വിമാനം 11.30 കഴിഞ്ഞാണ് പുറപ്പെട്ടത്.

ഇന്ന് രാവിലെ 7:20 നായിരുന്നു ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനം 6E 1025 സിംഗപ്പൂരിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ 4 മണിക്കൂറും 19 മിനിറ്റും വൈകി രാവിലെ 11:39 നാണ് വിമാനം പറന്നുയര്‍ന്നത്. ഈ സമയം അത്രയും വിമാനത്തിനുള്ളില്‍ ഇരിക്കേണ്ടി വന്നെന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്. വിമാനത്തിനുള്ളിൽ യാത്രക്കാർ അസ്വസ്ഥരായി ഇരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. കൃത്യമായ വിശദീകരണമോ സുതാര്യമായ ആശയവിനിമയമോ വിമാന ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യാത്രക്കാരെ ഇറക്കിയില്ലെന്നും വിമാനത്തിലുണ്ടായിരുന്നവർ ആരോപിക്കുന്നു.

അതേസമയം, നിരവധി കാരണങ്ങള്‍ കൊണ്ടാണ് വിമാനം പിടിച്ചിട്ടതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. ചെന്നൈയിലെ ഉയർന്ന താപനില കാരണം തുടക്കത്തിൽ വിമാനത്തിന്റെ എയർ കണ്ടീഷനിങ് സംവിധാനത്തിന് പ്രശ്നങ്ങളുണ്ടായി. പുറപ്പെടുന്നതിന് എന്‍ജിനീയര്‍‍മാരെത്തി പ്രശ്നം പരിഹരിച്ചെങ്കിലും. ഈ സമയം കൊണ്ട് പൈലറ്റിന്‍റെ ഡ്യൂട്ടി സമയം കഴിഞ്ഞിരുന്നു. എഫ്‌ഡി‌ടി‌എൽ ചട്ടങ്ങൾ പ്രകാരം പൈലറ്റുമാർക്കും ജീവനക്കാർക്കും പ്രവർത്തിക്കുന്നതിന്‍റെ സമയത്തില്‍ കര്‍ശന നിയന്ത്രണമുണ്ട്. ഇതേതുടര്‍ന്ന് ഇൻഡിഗോയ്ക്ക് പുതിയ പൈലറ്റിനെ എത്തിക്കേണ്ടി വന്നു.

എന്നാല്‍ വിമാനം രാജ്യാന്തര മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പുതിയ ജീവനക്കാരന്‍റെ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കണമായിരുന്നു. ഇതും കാലതാമസത്തിന് ഗണ്യമായ കാരണമായതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. യാത്രക്കാർ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനാലും ഡീബോർഡിങ് ചെയ്യുന്നത് കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കുകയും ചെയ്യുമായിരുന്നു. പ്രത്യേകിച്ചും രാജ്യാന്തര യാത്രയായതിനാല്‍. യാത്രക്കാർക്ക് എക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ടെർമിനലിൽ വീണ്ടും പ്രവേശിക്കേണ്ടിവന്നാൽ ഇമിഗ്രേഷൻ പ്രക്രിയ പുനരാരംഭിക്കേണ്ടി വരും ഇത് ഒഴിവാക്കാന്‍  യാത്രക്കാരെ വിമാനത്തിൽ തന്നെ തുടരാന്‍ അനുവദിക്കുകയുമായിരുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. 

ENGLISH SUMMARY:

Around 200 passengers on an IndiGo flight from Chennai to Singapore were stranded inside the aircraft for nearly five hours on Wednesday. Originally scheduled to depart at 7:20 AM, flight 6E 1025 finally took off at 11:39 AM after facing a series of technical and logistical hurdles. Initial delays were caused by a malfunction in the aircraft's air conditioning system due to high temperatures in Chennai. Following the repair, the flight was further stalled as the original pilot's duty hours expired, requiring a replacement. However, visa formalities for the new pilot for an international route added more time to the ordeal. Passengers remained onboard to avoid the complex re-entry and immigration processes required at the international terminal. Official sources cited safety and regulatory compliance as reasons for the extended wait time. Stay updated on the latest aviation news and travel alerts in Chennai 2026.