Untitled design - 1

13കാരിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും, പണത്തിനായി മറ്റ് പുരുഷന്മാർക്ക് കാഴ്ചവയ്ക്കുകയും ചെയ്ത 27കാരന് സിംഗപ്പൂർ കോടതി 22 വർഷം തടവ് ശിക്ഷ വിധിച്ചു. ഓൺലൈൻ വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ മാസങ്ങളോളം ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിലാണ് ഫൂങ് യോങ്ങിന് കടുത്ത ശിക്ഷ ലഭിച്ചത്.

2023 മെയ് മുതൽ ജൂലൈ വരെയുള്ള കാലയളവിലാണ് പ്രതി പെൺകുട്ടിയെ നിരന്തരം ചൂഷണം ചെയ്തത്. ലൈംഗിക ബന്ധത്തിന് ശേഷം 300 സിംഗപ്പൂർ ഡോളർ കടമായി നൽകിയ ഇയാൾ, ആ തുക തിരിച്ചുനൽകുന്നതിന് പകരമായി മറ്റ് പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പെൺകുട്ടിയെ നിർബന്ധിച്ചു. തുടർന്ന്, പെൺകുട്ടിയുടെ ടെലിഗ്രാം അക്കൗണ്ടിലെ പേരും ചിത്രവും ഉപയോഗിച്ച് ലൈംഗിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രണ്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഇയാൾ പരസ്യം നൽകി. ഇതിലൂടെ വിവിധ പുരുഷന്മാരിൽ നിന്ന് പെൺകുട്ടിയെ ഉപയോഗിച്ച് ഏകദേശം 3,000 ഡോളർ പ്രതി സമ്പാദിച്ചതായും കോടതി കണ്ടെത്തി.

കോണ്ടം ഉപയോഗിക്കാൻ വിസമ്മതിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ പണം ഈടാക്കിയിരുന്നതായും പെൺകുട്ടി കോടതിയിൽ മൊഴി നൽകി. 2023 ജൂൺ ആദ്യവാരം, 5,000 ഡോളർ നൽകിയില്ലെങ്കിൽ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് ഫൂങ് ഭീഷണിപ്പെടുത്തി.

ഇതോടെയാണ് സംഭവങ്ങൾ പുറത്തറിയുന്നത്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ പ്രതി ക്രൂരമായ രീതിയിൽ ഉപദ്രവിക്കുകയും ചെയ്തിരുന്നു. തന്‍റെ നിതംബം സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും, തന്നെ ആഷ്‌ട്രേ പോലെയാണ് കണക്കാക്കുന്നതെന്ന് അയാള്‍ ആക്രോശിക്കുകയും ചെയ്തിരുന്നെന്ന് പെണ്‍കുട്ടി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു ഫൂങ് യോങ്ങുമായി അടുപ്പത്തിലായ ശേഷം 2023 മെയ് 19നാണ് പെണ്‍കുട്ടി ഇയാള്‍ക്ക് വഴങ്ങിയത്. ലൈംഗികബന്ധത്തിന് സമ്മതമാണെന്ന് പെൺകുട്ടി അറിയിച്ചതിനെ തുടർന്ന് ഫൂങ് അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

കിടപ്പുമുറിയിൽവെച്ച് കൈകൾ വിലങ്ങിട്ട് സെക്‌സ് ടോയ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ലൈംഗികമായി ഉപദ്രവിച്ചു. അടുത്ത ദിവസം ബൂൺ കെങ് എംആർടി സ്റ്റേഷന് സമീപംവെച്ച് പ്രതി പെൺകുട്ടിക്ക് മോഡേൺ വസ്ത്രങ്ങളും ഒരു സെക്‌സ് ടോയും അടങ്ങിയ ബാഗ് നൽകി. വസ്ത്രം മാറാനും സെക്‌സ് ടോയ് ഉപയോഗിക്കാനും ആവശ്യപ്പെട്ടു. തുടർന്ന്, ടോയ് ശരീരത്തിൽ തന്നെയിരിക്കെ പെൺകുട്ടിയെ ബൂൺ കെങിൽ നിന്ന് പുങ്‌ഗോളിലേക്ക് ട്രെയിനിൽ കൊണ്ടുപോയി. യാത്രയ്ക്കിടെ ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച് സെക്‌സ് ടോയ് നിയന്ത്രിച്ചിരുന്നതായും കോടതി കണ്ടെത്തി.

ജൂലൈ 9ന്, വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തു. താൻ ഗർഭിണിയായേക്കാമെന്ന് അറിയിച്ച് പെൺകുട്ടി പ്രതിക്ക് സന്ദേശമയച്ചെങ്കിലും ഫൂങ് അത് അവഗണിച്ചു. പിറ്റേന്ന് രാവിലെ, താൻ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് പെൺകുട്ടി അമ്മയോട് വെളിപ്പെടുത്തി. തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഫൂങ് യോങ്ങിനെ അറസ്റ്റ് ചെയ്തു. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സിംഗപ്പൂർ കോടതി, 27കാരന് 22 വർഷം തടവ് ശിക്ഷയാണ് വിധിച്ചത്.

ENGLISH SUMMARY:

A 27-year-old Singaporean man, Foong Yong, has been sentenced to 22 years in prison and 24 strokes of the cane by the High Court. He pleaded guilty to multiple counts of statutory rape involving a 13-year-old girl whom he met online. In addition to severe physical and sexual abuse, the perpetrator financially exploited the minor by forcing her into prostitution and later attempted to extort money from her by threatening to leak private media. The crimes were uncovered after the victim confided in her mother, leading to a prompt police investigation and arrest.