ടാക്സി യാത്രയ്ക്കിടെ ഡ്രൈവറിൽ നിന്നുണ്ടായ മോശം അനുഭവം മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് യുവതി. സിംഗപ്പൂരിലെ ഓൺലൈൻ യാത്രാ ആപ്പായ ഗോജെക് വഴി ബുക്ക് ചെയ്ത കാറിലെ ഡ്രൈവറാണ് യുവതിയെ ലൈംഗികമായി സമീപിച്ചതും ത്രീസം ആവശ്യപ്പെട്ടതും.
@huatyousay എന്ന ഉപയോക്താവ് ജൂലൈ 9 ന് അപ്‌ലോഡ് ചെയ്ത ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് യാത്രക്കിടെ ഡ്രൈവർ മോശമായി സംസാരിക്കുന്ന വിഡിയോ പങ്കിട്ടത്. വിഡിയോയിൽ ഡ്രൈവർ യുവതിയോട് "ത്രീസം" സെക്സ് ചെയ്യാൻ താൽപര്യമുണ്ടോയെന്നാണ് ചോദിച്ചത്. അതിനോട് പ്രതികരിക്കാതെ ഇരുന്നതോടെ അവൾ "കന്യക"യാണോ എന്നായി ചോദ്യം. വേറൊരു ദിവസം നേരിട്ട് കാണാനും സെക്സ് ചെയ്യാനും കഴിയുമോ എന്നും ഡ്രൈവർ സ്ത്രീയോട് ചോദിക്കുന്നുണ്ട്. 'നിനക്കെന്താ ആണുങ്ങളെ കാണുമ്പോൾ ഒന്നും തോന്നാറില്ലേ? നീ ലെസ്ബിയനാണോ?. നിന്‍റെ മനസ്സ് ഒരിക്കലും ഒരു പുരുഷനുമായി പ്രണയത്തിലാകാൻ ആഗ്രഹിക്കുന്നില്ലേ?' തുടങ്ങി നിരവധി ചോദ്യങ്ങൾ ഡ്രൈവർ യുവതിയോട് ചോദിക്കുന്നുണ്ട്.
യുവതി ഡ്രൈവറോട് തനിക്കും തന്‍റെ പങ്കാളിക്കും പുരുഷന്മാരിൽ താൽപ്പര്യമില്ലെന്ന് പറയുന്നതും വിഡിയോയിലുണ്ട്. "ഓ, ലെസ്ബിയൻസിന് പുരുഷന്മാരിൽ താൽപ്പര്യമില്ലേ?" എന്ന് അയാൾ അന്വേഷിക്കാൻ തുടങ്ങിയതോടെ "ശരിക്കും ഇല്ല" എന്ന് അവൾ മറുപടി നൽകി. ആ സ്ത്രീ തന്‍റെ ലക്ഷ്യസ്ഥാനത്ത് എത്തി കാറിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പും ഡ്രൈവറുടെ ചോദ്യങ്ങൾക്ക് ആറ് തവണ "ഇല്ല" എന്ന് ആവർത്തിക്കുന്നുണ്ട്.
ഡ്രൈവർ യുവതിയോട് പ്രായം ചോദിച്ചതോടെ തനിക്ക് 26 വയസ്സാണെന്ന് അവൾ വെളിപ്പെടുത്തി. തന്‍റെ മകൾക്കും അതേ പ്രായമാണെന്നായിരുന്നു അയാളുടെ മറുപടി. "നിങ്ങളുടെ മകളുടെ പ്രായത്തിലുള്ള ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്ക് കാമ ഭ്രാന്താണോ?" എന്ന് യാത്രക്കാരി അയോളോട് ചോദിക്കുന്നുണ്ട്. രാത്രിയിൽ വിജനമായ വഴിയിലൂടെയുള്ള യാത്രയായിതിനാൽ ഡ്രൈവറോട് കൂടുതൽ ദേഷ്യപ്പെട്ട് സംസാരിച്ചാൽ അയാൾ തന്നെ ഉപദ്രവിക്കുമോ എന്ന് ഭയന്നാണ് സൗഹാർദപരമായി ചിരിച്ചുകൊണ്ട് സംസാരിച്ചതെന്നും യുവതി വിഡിയോയിൽ പറയുന്നു.
സംഭവം ഓൺലൈൻ യാത്രാ ആപ്പായ ഗോജെക്കിനെ അറിയിച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണ് യുവതി പറയുന്നത്. എന്നാൽ ആരോപണ വിധേയനായ ഡ്രൈവറെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ടെന്നാണ് ഗോജെക്കിന്റെ വിശദീകരണം.