കരച്ചിൽ നിർത്താനായി എട്ടുമാസം പ്രായമുള്ള മകനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മാതാപിതാക്കൾ കോടതിയില്‍ കുറ്റം സമ്മതിച്ചു. സിംഗപ്പൂരിലാണ് സംഭവം. ക്ലോയി ഗാൻ സി ഷുവാൻ (23), നിയോ ജിയ മിങ് (27) എന്നിവരാണ് മകൻ ട്രെവർ നിയോ യു ഹിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ ഉപദ്രവിക്കുന്നത് ഇരുവരും തമാശയായി കണ്ടിരുന്നുവെന്നാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്.
2024 സെപ്റ്റംബർ ഒന്നിനാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയ സംഭവം. ഉറങ്ങാൻ കഴിയാത്തതിനെത്തുടർന്ന് അസ്വസ്ഥയായ അമ്മ കുഞ്ഞിന്റെ മുഖത്ത് പുതപ്പ് അമർത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു. കുഞ്ഞ് വീണ്ടും കരഞ്ഞതോടെ ഇതാവർത്തിച്ചു. പിന്നീട് കുഞ്ഞിനെ കമിഴ്ത്തിക്കിടത്തി ഉറങ്ങാൻ പോയി. രാത്രി കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയതോടെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെപ്റ്റംബർ രണ്ടിന് പുലർച്ചെ കുഞ്ഞ് മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
കുഞ്ഞിന്‍റെ മാതാപിതാക്കൾ നിരന്തരം ഉപദ്രവിച്ചിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. കരച്ചിൽ നിർത്താൻ കുഞ്ഞിനെ ശക്തമായി പിടിച്ചുകുലുക്കുന്നതായിരുന്നു പതിവ്. ഇതുമൂലം കുഞ്ഞിന് ബോധം നഷ്ടപ്പെട്ട സംഭവങ്ങളുമുണ്ടായി. 2024 ജനുവരിയിൽ അമ്മ കുഞ്ഞിനെ ശക്തമായി കുലുക്കിയതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അച്ഛനും കുഞ്ഞിനെ ഉപദ്രവിച്ചിരുന്നു. കരയുമ്പോൾ കുഞ്ഞിന്റെ മൂക്കും വായും കൈകൊണ്ട് അമർത്തിപ്പിടിച്ച് ശ്വാസംമുട്ടിക്കുകയും മുഖത്തടിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ കുഞ്ഞിന്‍റെ വായിൽ വിരലിട്ട് കരച്ചില്‍ നിര്‍ത്താന്‍ ശ്രമിച്ചു. കുഞ്ഞിന്‍റെ വിരലുകൾ ആവർത്തിച്ച് ശക്തമായി ഞെക്കുന്നതും ഇയാളുടെ പതിവായിരുന്നു. അച്ഛൻ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടിട്ടും അമ്മ ഇടപെട്ടിരുന്നില്ല; അമ്മ കുഞ്ഞിനെ ഉപദ്രവിച്ചപ്പോള്‍ അച്ഛനും തടഞ്ഞില്ല.
കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കു പുറമേ, കുഞ്ഞിനെ ഉപദ്രവിച്ചതും അത്തരം ഉപദ്രവങ്ങൾ തടയാതിരുന്നതും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇരുവരും സമ്മതിച്ചത്. അച്ഛനെതിരെ ഭാര്യയെ മർദിച്ചതുമായി ബന്ധപ്പെട്ട കുറ്റവുമുണ്ട്. ഇരുവർക്കുമെതിരായ കുറ്റങ്ങൾ പരിഗണിച്ച കോടതി ഒക്ടോബർ 21ന് ശിക്ഷ വിധിക്കും.