saudi-pravsai

2026 പകുതിയായിരിക്കെ ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന മേഖല സ്ഥിരമായ വളർച്ച കാഴ്ചവയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിലെ കണക്കുകൾ പ്രകാരം വിമാനയാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല വർധിച്ചുവരുന്ന ആവശ്യകതയ്‌ക്കൊപ്പം വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും പ്രവർത്തന കാര്യക്ഷമതയും ഉയര്‍ന്നതായാണ് ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) യുടെ 2026 മെയ് മാസത്തെ ഡാറ്റ കാണിക്കുന്നത്.

ചെന്നൈയും ഇന്‍ഡിഗോയും ഒന്നാമത്

രാജ്യത്തെ 10 പ്രധാന വിമാനത്താവളങ്ങളിൽ വിമാനങ്ങളുടെ വരവിലും പോക്കിലുമുള്ള കൃത്യനിഷ്ഠ അഥവാ ഓൺ-ടൈം പ്രകടനത്തില്‍ (ഒടിപി) ചെന്നൈ രാജ്യാന്തര വിമാനത്താവളമാണ് ഒന്നാമത്. ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളെ മറികടന്നാണ് ചെന്നൈയുടെ നേട്ടം. കൊച്ചി രാജ്യാന്തര വിമാനത്താവളം പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

അതേസമയം, ആഭ്യന്തര സർവീസ് നടത്തുന്ന വിമാനക്കമ്പനികളിൽ ഇൻഡിഗോ തന്നെയാണ് കൃത്യനിഷ്ഠയിൽ മുന്നിൽ (82.8%). ആകാശ എയർ (78.3%) രണ്ടാമതും എയർ ഇന്ത്യ ഗ്രൂപ്പ് (74.5%) മൂന്നാമതുമായി സ്ഥാനം പിടിച്ചു. കുറഞ്ഞ സർവീസ് റദ്ദാക്കലുകൾ (Cancellation Rate) എന്ന നേട്ടത്തില്‍ ആകാശ എയർ (0.1%) മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

യാത്രക്കാരുടെ എണ്ണത്തിലെ വർധനവ്

ഈ വർഷം ജനുവരി മുതൽ മെയ് വരെ 729.40 ലക്ഷം യാത്രക്കാരാണ് ആഭ്യന്തര വിമാന സർവീസുകളെ ആശ്രയിച്ചത്. 2025-ലെ ഇതേ കാലയളവിൽ ഇത് 715.70 ലക്ഷമായിരുന്നു. വാർഷികാടിസ്ഥാനത്തിൽ 1.91 ശതമാനവും പ്രതിമാസ വളർച്ചാ നിരക്കിൽ 9.49 ശതമാനവും വർധനവാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, സേവനങ്ങളുടെ ഗുണനിലവാരവും കൃത്യനിഷ്ഠയും ഉറപ്പാക്കുന്നതിൽ വിമാനക്കമ്പനികളും വിമാനത്താവളങ്ങളും കൂടുതൽ ശ്രദ്ധ ചെലുത്തുന്നു എന്നത് യാത്രക്കാർക്കും വലിയ ആശ്വാസമാണ്.

പ്രധാന വിമാനത്താവളങ്ങളുടെ റാങ്കിങ് (ഒടിപി അടിസ്ഥാനമാക്കി)

  1. ചെന്നൈ രാജ്യാന്തര വിമാനത്താവളം: 92.2%
  2. നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളം, കൊൽക്കത്ത (CCU): 84.7%
  3. രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളം, ഹൈദരാബാദ്: 84.4%
  4. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം, ബംഗളൂരു: 82.3%
  5. കൊച്ചി രാജ്യാന്തര വിമാനത്താവളം: 81.5%
  6. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളം, അഹമ്മദാബാദ് - 76.7%
  7. ചൗധരി ചരൺ സിങ് രാജ്യാന്തര വിമാനത്താവളം, ലഖ്‌നൗ - 76.7Z%
  8. ലോക്പ്രിയ ഗോപിനാഥ് ബൊർഡോലോയ് രാജ്യാന്തര വിമാനത്താവളം, ഗുവാഹത്തി - 75.3%
  9. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം, ഡൽഹി - 72.6%
  10. ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളം, മുംബൈ - 70.5%
ENGLISH SUMMARY:

India's domestic aviation sector has demonstrated robust and steady growth in the first half of 2026, with significant surges in passenger traffic recorded between January and May. According to the latest data from the Directorate General of Civil Aviation (DGCA) for May 2026, the industry is witnessing improved operational efficiency across both airlines and major airports. Chennai International Airport has emerged as the leader in on-time performance (OTP) among the nation’s top ten airports, surpassing major hubs like Delhi and Mumbai. In the airline category, IndiGo maintains its dominance in punctuality with an 82.8% OTP rating, followed by Akasa Air and Air India Group. The total number of domestic air passengers reached 729.40 lakh in the first five months of 2026, marking a notable increase from the 715.70 lakh passengers during the same period in 2025. This upward trajectory in passenger numbers, coupled with a focus on service quality and schedule reliability, reflects a maturing aviation market that continues to prioritize the needs of the traveling public.