AI Generated Image
അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനങ്ങള്‍ ടാക്സിവേയില്‍ നേര്‍ക്കുനേര്‍ എത്തിയതായി റിപ്പോര്‍ട്ട്. ഇന്നലെ വൈകിട്ട് 07.59നായിരുന്നു സംഭവം. രണ്ടു വിമാനങ്ങള്‍ക്കും സുരക്ഷിതമായ അകലത്തില്‍ നിര്‍ത്താന്‍ സാധിച്ചതോടെ വലിയ ആശങ്കയാണ് ഒഴിവായത്.
164 യാത്രക്കാരുമായി എത്തിയ എയര്‍ ഇന്ത്യ VT TQV, A320 നിയോ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടയിലും ഇൻഡിഗോ വിമാനം പറന്നുയരാൻ ശ്രമിക്കുന്നതിനിടെയിലുമാണ് നേര്‍ക്കുനേര്‍ വന്നത്. സുരക്ഷിതമായ അകലത്തില്‍ തന്നെ രണ്ട് വിമാനങ്ങള്‍ക്കും നിര്‍ത്താനായതായി അധികൃതര്‍ പറയുന്നു. പിന്നീട് രാത്രി 8.18ന് എയര്‍ ഇന്ത്യ വിമാനം മറ്റൊരു ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോയ ശേഷം ഇന്‍ഡിഗോ പറന്നുയര്‍ന്നു. 20 മിനിറ്റോളമാണ് സംഭവത്തെത്തുടര്‍ന്ന് ഇന്‍ഡിഗോ വൈകിയത്.
വിമാനം വൈകിയതുമായി ബന്ധപ്പെട്ട് പിന്നാലെ ഇന്‍ഡിഗോ പ്രസ്താവനയിറക്കി. മറ്റൊരു വിമാനം അബദ്ധത്തില്‍ തങ്ങളുടെ പാതയില്‍ വന്നതോടെ അഹമ്മദാബാദ്– മുംബൈ 6E 5160 വിമാനം വൈകിയെന്നായിരുന്നു ഇന്‍ഡിഗോ വക്താവിന്റെ വിശദീകരണം. പിന്നാലെ ഇന്‍ഡിഗോ വിമാനം സുരക്ഷിതമായി മുംബൈ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതായും പ്രസ്താവനയില്‍ പറഞ്ഞു.
ടാക്സിയിങ്ങിനിടെ തങ്ങളുടെ വിമാനത്തിന് സംഭവിച്ച അബദ്ധമാണെന്ന് പിന്നീട് എയര്‍ ഇന്ത്യ പ്രസ്താവനയിലൂടെ സമ്മതിച്ചു. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല, എയര്‍ ഇന്ത്യ വിമാനം പിന്നീട് പാര്‍ക്കിങ് ബേയിലേക്ക് വലിച്ചുകൊണ്ടുപോയതായും എയര്‍ ഇന്ത്യ അറിയിച്ചു. സംഭവം റെഗുലേറ്ററി അതോറിറ്റിയെ അറിയിച്ചതിനു പിന്നാലെ അന്വേഷണവും ആരംഭിച്ചതായി എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു.