air-india

TOPICS COVERED

എയര്‍ ഇന്ത്യാ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട അപകടത്തില്‍ പൈലറ്റിന്‍റെ ഡ്രഗ് ടെസ്റ്റ് പോസിറ്റീവെന്ന് റിപ്പോര്‍ട്ട്. ഫുക്കറ്റില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം 300 അടി താഴ്ചയിലേക്ക് വീണ് 17 പേര്‍ക്കാണ് പരുക്കേറ്റത്. വിമാനത്തിന്‍റെ ക്യാപ്റ്റനെ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തായ്‌ലന്‍‍ഡിലെ ഫുക്കറ്റില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 300 അടി താഴ്ചയിലേക്ക് പതിച്ചത്. 

ഈ വിമാനം പറത്തിയ ക്യാപ്റ്റന്‍ ഡോപ് ടെസ്റ്റില്‍ പോസിറ്റീവായതായാണ് റിപ്പോര്‍ട്ട്. ഒഡിഷയ്ക്ക് സമീപമായിരുന്നു വിമാനം ശക്തമായ ആകാശച്ചുഴിയില്‍പ്പെട്ടത്. വിമാനത്തില്‍ 145 പേരുണ്ടായിരുന്നു. ഡല്‍ഹിയിലെത്തിയ ശേഷം പരുക്കേറ്റ 13 യാത്രക്കാരെയും നാല് ജീവനക്കാരെയും ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ, വിമാനത്തിലെ പൈലറ്റുമാരില്‍ പോസ്റ്റ്-ഫ്ലൈറ്റ് പരിശോധന നടത്തി. ക്യാപ്റ്റന്റെ പരിശോധനയിൽ സൈക്കോ ആക്ടീവ് ലഹരിവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് വിവരം. പരിശോധനാഫലം ലഭിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. അതിനാല്‍ പോസിറ്റീവ് ഫലം സംബന്ധിച്ച് പ്രതികരിക്കാനാകില്ലെന്നും വിമാന കമ്പനി അറിയിച്ചു. ഡിജിസിഎ വിശദമായ അന്വേഷണം തുടരുകയാണ്. ആകാശച്ചുഴിയുണ്ടായപ്പോള്‍ പൈലറ്റ് കൈകാര്യം ചെയ്ത രീതി പരിശോധിക്കും. കാലാവസ്ഥയാണോ കാരണം എന്നും അന്വേഷിക്കും. വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചോയെന്നും പരിശോധിക്കും. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പൈലറ്റുമാരെ പറക്കല്‍ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Air India turbulence involving a flight from Phuket to Delhi has been attributed to a pilot's alleged positive drug test. The incident, which saw the aircraft drop significantly, resulted in injuries to 17 people, and the captain has been suspended pending further investigation.