Image Credit:x/kannandeepan

Image Credit:x/kannandeepan

ബെംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്ക് പുറപ്പെടാനൊരുങ്ങവേ വിമാനത്തില്‍ തീയും പുകയും കണ്ടതിനെ തുടര്‍ന്ന് അടിയന്തര ഒഴിപ്പിക്കല്‍. ഇന്നലെ ടേക്ക് ഓഫിനൊരുങ്ങവേയാണ് ഇന്‍ഡിഗോയുടെ 6E 6017 വിമാനത്തിന്‍റെ കോക്പിറ്റിലും കാബിനിലും പുക കണ്ടെത്തിയത്. യാത്രക്കാര്‍ വിമാനത്തിന്‍റെ ചിറകുകളിലൂടെ നടന്നിറങ്ങാന്‍ ശ്രമിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അടിയന്തരഘട്ടങ്ങളില്‍ പ്രവര്‍ത്തനക്ഷമമാകേണ്ട സ്ലൈഡുകള്‍ പണിമുടക്കിയതോടെയാണ് ആളുകള്‍ വിമാനച്ചിറകുകളിലൂടെ പുറത്തിറങ്ങിയത്. 

വിമാനത്തിലെ യാത്രക്കാരിലൊരാളും വിഡിയോ എക്സില്‍ പങ്കുവച്ചിട്ടുണ്ട്. പരിഭ്രാന്തരായ യാത്രക്കാര്‍ വിമാനച്ചിറകിലൂടെ നിലത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഇവരെ തിരികെ കയറ്റി എമര്‍ജന്‍സി വാതിലുകളിലൂടെ പുറത്തിറക്കിയെന്നും ദീപന്‍ എന്നയാള്‍ വിഡിയോയ്ക്കൊപ്പം കുറിച്ചു. ഇത്തരത്തില്‍ വിമാനച്ചിറകുകളിലൂടെ പരിഭ്രാന്തരായി ഇറങ്ങുന്നത് അപകടം സൃഷ്ടിക്കുമെന്നും പെട്ടെന്നുള്ള വെപ്രാളത്തില്‍ ആളുകള്‍ വീഴാനും പരുക്കേല്‍ക്കാനും സാധ്യതയുണ്ടെന്നുമാണ് വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. വിമാനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ' എന്‍റെ വിമാനത്തില്‍ പുക കാണുന്നു. എത്രയും വേഗം സുരക്ഷിതമായി ഒഴിപ്പിക്കണം. ഞാനിപ്പോഴും വിറയ്ക്കുകയാണ്. ഭയമാകുന്നു' എന്നും ഇയാള്‍ ആദ്യം ട്വീറ്റ് ചെയ്തിരുന്നു. 

സംഭവത്തില്‍ ഇന്‍ഡിഗോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടുണ്ട്. ' മേയ് 26ന് ഇന്‍ഡിഗോയുടെ 6E 6017 (ബെംഗളൂരു– ചെന്നൈ) വിമാനം പുറപ്പെടാനൊരുങ്ങവേ പുക കണ്ടെത്തി. യാത്രക്കാരുടെ സുരക്ഷാര്‍ഥം ഉടനടി ഒഴിപ്പിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. യാത്രക്കാരെയും വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെയും ടെര്‍മിനലിലേക്ക് മാറ്റി. പകരം വിമാനം സജ്ജമാക്കുകയും യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു' എന്നാണ് ഇന്‍ഡിഗോയുടെ വിശദീകരണം. അതേസമയം, പുക ഉയരാനുള്ള കാരണം ഇന്‍ഡിഗോ വ്യക്തമാക്കിയിട്ടില്ല. 

ENGLISH SUMMARY:

A major disaster was averted at Bengaluru's Kempegowda International Airport after smoke was detected in the cockpit and cabin of a Chennai-bound IndiGo flight just moments before takeoff. Dramatic videos went viral on social media showing panicked passengers crawling out and walking along the aircraft's wings in a desperate bid to escape the smoke-filled fuselage. The chaotic scene unfolded after the automated emergency inflatable slides failed to deploy properly, forcing passengers onto the wings before crew members redirected them to alternative exit doors. A passenger named Deepan recounted the terrifying ordeal on X, stating he was still shaking with fear while highlighting how sliding down from the high wings could have caused severe physical injuries. While IndiGo confirmed the May 26 incident and assured that all passengers and crew members were safely transferred back to the terminal, the airline chose to remain silent on the exact technical cause behind the sudden smoke deployment.