ഊര്‍ജ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയില്‍ വിമാന ടിക്കറ്റ് നിരക്ക് കൂടും. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും സര്‍ചാര്‍ജ് ഈടാക്കും. മാര്‍ച്ച് 12 മുതലുള്ള ടിക്കറ്റുകള്‍ക്കാണ് ഇന്ധന സര്‍ചാര്‍ജ്. ആഭ്യന്തര സര്‍വീസ് ടിക്കറ്റുകള്‍ക്ക് 399 രൂപ അധികം ഈടാക്കും. മാലദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ സാർക്ക് രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കും ഈ നിരക്ക് ബാധകമായിരിക്കും. പശ്ചിമേഷ്യൻ, ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്ലൈറ്റുകൾക്ക് 10 ഡോളർ അധിക ചാർജ് ഈടാക്കും. യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്ക് മാർച്ച് 18 മുതൽ സർചാർജ് ഈടാക്കിത്തുടങ്ങും. ഹോങ്കോംഗ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സർചാർജ് നിരക്ക് പിന്നീട് പ്രഖ്യാപിക്കും.
ഏവിയേഷൻ ഇന്ധന വിലയിലുണ്ടായ അനിയന്ത്രിതമായ വർദ്ധനയാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് എയർ ഇന്ത്യ അറിയിച്ചു. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാൽ ഈ തീരുമാനം എടുക്കേണ്ടി വന്നതിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. സർചാർജ് ഈടാക്കാതിരുന്നാൽ വിമാന സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്നും കമ്പനി കൂട്ടിച്ചേർത്തു. വിമാനക്കമ്പനികളുടെ മൊത്തം പ്രവർത്തനച്ചെലവിന്റെ 40 ശതമാനവും ഏവിയേഷൻ ഇന്ധനത്തിനു വേണ്ടിയാണ് ചെലവഴിക്കുന്നത്. മാർച്ച് മാസത്തിന്റെ തുടക്കം മുതൽ ഏവിയേഷൻ ഇന്ധനത്തിന്റെ വിലയിൽ കാര്യമായ വർദ്ധനവ് രേഖപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി.
എയർ ഇന്ത്യയുടെ ഈ തീരുമാനത്തെ തുടർന്ന് മറ്റ് വിമാനക്കമ്പനികളും വൈകാതെ ഇന്ധന സർചാർജ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഈ സർചാർജ് ബാധകമായിരിക്കില്ല. എന്നാൽ, ടിക്കറ്റ് മാറ്റുകയോ റീഷെഡ്യൂൾ ചെയ്യുകയോ ചെയ്യുന്ന പക്ഷം പുതിയ ചാർജ് ഈടാക്കും.