• 1200 കോടിയോളം രൂപയാണ് പി.എം.ശ്രീ വഴി കേന്ദ്രസഹായമായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകള്‍ക്ക് ലഭിക്കുക

പി.എം.ശ്രീ പദ്ധതിയില്‍ താല്‍പര്യമില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് പിന്‍മാറാമെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ പദ്ധതി ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയെ അറിയിച്ചു. പി.വി.അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളം ധാരണാപത്രമാണ് ഒപ്പിട്ടതെന്നും സ്കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. പി.എം.ശ്രീ പദ്ധതി കേരളം നടപ്പിലാക്കിയിരുന്നില്ലെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. 

'രാജ്യത്തെ 14,500 സ്കൂളുകളിലാണ് പി.എം.ശ്രീ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 13,092 സ്കൂളുകള്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്. പി.എം.ശ്രീ പദ്ധതി സ്കൂളുകളില്‍ നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടുകയും പദ്ധതി നിഷ്കര്‍ഷിക്കുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം സ്കൂളുകളില്‍ ഉറപ്പാക്കുകയും വേണം.  2025 ഒക്ടോബര്‍ 23ന് കേരളം പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ടു. പദ്ധതിയില്‍ നിന്ന് പിന്‍മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്താല്‍ പി.എം.ശ്രീ  വഴിയുള്ള ആനുകൂല്യങ്ങള്‍ കിട്ടില്ല'- ഇതാണ് വിദ്യാഭ്യാസ സഹമന്ത്രി രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചത്. 1200 കോടി രൂപയാണ് പി.എം.ശ്രീ നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുക.

അതേസമയം, പി.എം.ശ്രീയില്‍ യുഡിഎഫിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ് രംഗത്തെത്തി. പി.വി.അബ്ദുല്‍ വഹാബിന്‍റെ ചോദ്യം മുസ്​ലിം ലീഗിന്‍റെ ചെകിടത്തേറ്റ അടിയാണെന്നും പി.എം.ശ്രീയിലെ സര്‍ക്കാര്‍ തീരുമാനത്തില്‍ സഹതാപം തോന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ജനങ്ങളോട് മാപ്പുപറഞ്ഞിട്ടെങ്കിലും മുന്നോട്ട് പോകണമായിരുന്നുവെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു. 

പി.എം.ശ്രീ പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറാന്‍ കഴിയില്ലെന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്. പദ്ധതിയില്‍ തുടരുമെന്ന് യുഡിഎഫ് സര്‍ക്കാര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ മന്ത്രിസഭ ഉപസമിതി റിപ്പോര്‍ട്ട് നല്‍കാനിരിക്കെ കണ്‍വീനര്‍ തീരുമാനം പ്രഖ്യാപിച്ചത് മുന്നണി മര്യാദയ്ക്ക് നിരക്കുന്നതല്ലെന്നായിരുന്നു മുസ്‌ലിം ലീഗ് തുറന്നടിച്ചത്. വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

ENGLISH SUMMARY:

Union Minister of State for Education Jayant Chaudhary informed Rajya Sabha that states can choose to opt out of the PM SHRI scheme, though doing so will result in losing the project's financial benefits. Responding to an MP's question, the ministry clarified that Kerala has signed the memorandum of understanding but has not yet submitted its list of schools. Meanwhile, political reactions have unfolded in Kerala, with LDF and UDF figures clashing over the state's official stance on the educational initiative.