• കർണാടകയിലെ ബെലഗാവിയിൽ സ്വത്തുതർക്ക ചർച്ചയ്ക്കിടെ പഞ്ചായത്ത് ഓഫീസിനുള്ളിൽ വെച്ചാണ് മുൻ സൈനികനും മകളും കൊല്ലപ്പെട്ടത്.

കർണാടകയിലെ ബെലഗാവിയിൽ ദീർഘനാളായി നിലനിന്നിരുന്ന സ്വത്തുതർക്കത്തെ തുടർന്ന് മുൻ സൈനികനെയും മകളെയും പഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ച് സഹോദരനും മകനും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. രുദ്രപ്പ (67), മകൾ ശശികല (26) എന്നിവരാണ് കൊല്ലപ്പെട്ടത്.

പട്ടാപ്പകൽ പഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ച് നടന്ന അതിക്രൂരമായ ആക്രമണത്തിൽ ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവർക്കും വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ രുദ്രപ്പയെയും ശശികലയെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ ഡ്രൈവർ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വർഷങ്ങളായി തുടരുന്ന സ്വത്തുതർക്കം പരിഹരിക്കുന്നതിനായി പഞ്ചായത്ത് അധികൃതർ വിളിച്ചുചേർത്ത ചർച്ചയ്ക്കിടെയായിരുന്നു സംഭവം. രുദ്രപ്പയും മകളും ചർച്ചയ്ക്കായി പഞ്ചായത്ത് ഓഫീസിൽ എത്തിയ സമയത്ത് അവിടെയുണ്ടായിരുന്ന സഹോദരനും മറ്റൊരു സഹോദരന്റെ മകനും ചേർന്ന് ഇവരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് കാർ ഡ്രൈവർക്കും വെട്ടേറ്റത്. ആക്രമണത്തിനു ശേഷം പ്രതികൾ രണ്ടുപേരും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

വിവരമറിഞ്ഞ ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പഞ്ചായത്ത് അധികൃതരുടെയും ദൃക്സാക്ഷികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒളിവിൽപോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. കൊലപാതകത്തിനു പിന്നിലെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A former soldier and his daughter were brutally hacked to death by his brother and nephew inside a panchayat office in Belagavi, Karnataka. The horrific attack occurred during a reconciliation meeting convened by local authorities to resolve a long-standing property dispute between the families. The family's car driver also sustained severe injuries while attempting to intervene and is currently receiving intensive care at a nearby hospital. Following the incident, the accused perpetrators fled the scene, and local police have launched an intensive manhunt while recording witness statements.