• തീരുമാനത്തോടെ 15,000 മുതൽ 25,000 രൂപ വരെ ശമ്പളം വാങ്ങുന്ന 51 ലക്ഷത്തിലധികം ജീവനക്കാർക്ക് കൂടി ഇപിഎഫ്, പെൻഷൻ, ഇൻഷുറൻസ് സുരക്ഷ ഉറപ്പാകും.

ജീവനക്കാരുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്ഒ) നിർബന്ധിത വേതന പരിധി 15,000 രൂപയിൽനിന്ന് 25,000 രൂപയായി ഉയർത്തി കേന്ദ്ര സർക്കാർ. കേന്ദ്ര മന്ത്രിസഭയുടേതാണ് ഈ സുപ്രധാന തീരുമാനം. വേതന പരിധി ഉയർത്തിയതോടെ രാജ്യത്തെ 51 ലക്ഷത്തിലധികം വരുന്ന അധിക ജീവനക്കാർക്കുകൂടി ഇനി മുതൽ നിർബന്ധിത ഇപിഎഫ്ഒ പരിരക്ഷ ലഭ്യമാകും. ഇതോടെ 15,000 മുതൽ 25,000 രൂപ വരെ ശമ്പളം വാങ്ങുന്ന തൊഴിലാളികൾക്ക് ഇപിഎഫ്, ഇപിഎസ് പെൻഷൻ, ഇൻഷുറൻസ് സുരക്ഷകൾ ഉറപ്പാക്കാൻ സാധിക്കും. 12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കേന്ദ്ര സർക്കാർ വേതന പരിധി പുതുക്കി നിശ്ചയിക്കുന്നത്; ഇതിനുമുൻപ് 2014 സെപ്റ്റംബറിലായിരുന്നു ശമ്പള പരിധി പുതുക്കിയത്.

പുതിയ വേതന പരിധി പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ തുക പിഎഫ് ഫണ്ടിലേക്ക് എത്തുകയും തൊഴിലാളികൾക്ക് കൂടുതൽ സാമൂഹിക സുരക്ഷ ഉറപ്പാവുകയും ചെയ്യും. ഈ പരിഷ്കാരം നടപ്പിലാക്കുന്നതിനായി വരുന്ന അഞ്ച് വർഷത്തേക്ക് 56,696 കോടി രൂപയാണ് കേന്ദ്ര സർക്കാർ ചെലവഴിക്കുക. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ വാർഷിക ബാധ്യത നിലവിലെ 10,250 കോടി രൂപയിൽനിന്ന് 11,339 കോടി രൂപയായി ഉയരും. 

നിലവിലെ വ്യവസ്ഥ പ്രകാരം ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 8.33 ശതമാനം തൊഴിലുടമ പെൻഷൻ ഫണ്ടിലേക്ക് സംഭാവന ചെയ്യുമ്പോൾ, കേന്ദ്ര സർക്കാർ 1.16 ശതമാനം വിഹിതമായി നൽകുന്നുണ്ട്. വേതന പരിധി ഉയർന്നതോടെ കൂടുതൽ ജീവനക്കാർക്കായി പ്രൊവിഡന്റ് ഫണ്ടിലേക്കും പെൻഷൻ പദ്ധതിയിലേക്കും വിഹിതമടയ്ക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാകും.

നിലവിൽ 7.98 കോടി അംഗങ്ങളും 82 ലക്ഷം പെൻഷൻകാരുമാണ് ഇപിഎഫ്ഒയിൽ ഉള്ളത്. പുതിയ തീരുമാനത്തിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ തൊഴിലാളികളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. പ്രഖ്യാപനം ഉടൻതന്നെ പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള തുടർനടപടികൾ തൊഴിൽ മന്ത്രാലയം പൂർത്തിയാക്കും.

ENGLISH SUMMARY:

The Union Cabinet has approved a historic hike in the mandatory wage ceiling for the Employees' Provident Fund Organisation (EPFO) from ₹15,000 to ₹25,000 per month. This major decision, coming after a 12-year gap since the last revision in September 2014, brings over 51 lakh additional workers into the mandatory social security fold. To implement this welfare expansion over the next five years, the central government will spend ₹56,696 crore, increasing its annual financial liability to ₹11,339 crore. The Ministry of Labour will soon complete procedural steps to roll out the enhanced coverage, securing long-term provident fund, pension, and insurance benefits for employees in the ₹15,000 to ₹25,000 income bracket.