• വൈദ്യുതി പ്രതിസന്ധി ഒരാഴ്ചയ്ക്കുള്ളിൽ പൂർണമായി നിയന്ത്രണവിധേയമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വൈദ്യുതി ലഭ്യമായ സ്ഥലങ്ങളിൽ നിന്നെല്ലാം വാങ്ങാനുള്ള ശ്രമം തുടരുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള പദ്ധതികൾ തയാറാക്കുകയാണെന്നും മുഖ്യമന്ത്രി

വൈദ്യുതി പ്രതിസന്ധി ഒരാഴ്ചയ്ക്കുള്ളിൽ പൂർണമായി നിയന്ത്രണവിധേയമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വൈദ്യുതി ലഭ്യമായ സ്ഥലങ്ങളിൽ നിന്നെല്ലാം വാങ്ങാനുള്ള ശ്രമം തുടരുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള പദ്ധതികൾ തയാറാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം ഒഡിഷയിൽ നിന്ന് 150 മെഗാവാട്ടും ന്യൂക്ലിയർ പവർ കോർപറേഷനിൽ നിന്ന് 150 മെഗാവാട്ടും വാങ്ങി. കൂടുതൽ വൈദ്യുതി ലഭ്യമാക്കാൻ എട്ട് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ന്യൂക്ലിയർ പവർ കോർപറേഷനിൽ നിന്ന് 4.65 രൂപ നിരക്കിലാണ് 150 മെഗാവാട്ട് ലഭിച്ചത്. കൂടുതൽ വൈദ്യുതി വാങ്ങുന്നതിനായി ഒരു സംഘം മുംബൈയിലെത്തി ചർച്ചകൾ നടത്തുകയാണ്. Also Read: 'റിപ്പോര്‍ട്ടര്‍ ടിവിയില്‍ വാര്‍ത്ത തടസപ്പെട്ടില്ല'; എസ്ഐടി റെയ്ഡ് നിയമപരം; മുഖ്യമന്ത്രി

എൻടിപിസി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായും ചർച്ച നടത്തിയിട്ടുണ്ട്. 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ ഉദ്ദേശിക്കുന്നില്ല. എൻടിപിസി 30 രൂപയാണ് ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന് വൈദ്യുതി വാങ്ങുന്നതിന് 10 രൂപയുടെ സീലിങ്ങുണ്ട്. അതിന് മുകളിലുള്ള നിരക്കിൽ വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനിക്കണം. സീലിങ്ങിന് താഴെ വൈദ്യുതി വാങ്ങാനാണ് ശ്രമം. ഹിമാചൽ പ്രദേശിൽ നിന്ന് പകൽ 130 മെഗാവാട്ടും രാത്രി 80 മെഗാവാട്ടും നൽകാമെന്ന നിർദേശമുണ്ട്. രണ്ടിനും ഒരേ നിരക്കാണ്. നിരക്ക് 13 രൂപയിൽ കൂടുതലാകും. രാത്രിയിലെ 80 മെഗാവാട്ട് ലഭിക്കാൻ പകൽ 130 മെഗാവാട്ട് കൂടി വാങ്ങേണ്ടിവരുന്നതിനാൽ അതിന്റെ പ്രായോഗികത പരിശോധിച്ചായിരിക്കും തീരുമാനം. തമിഴ്നാട് ഇന്നലെ 38 രൂപയ്ക്കാണ് കരാർ വച്ചത്.

മഴക്കുറവ് മാത്രമല്ല വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർധിച്ച ഉപഭോഗം, ഉൽപാദനത്തിലെ പരിമിതികൾ, രാത്രിയിലെ ഉയർന്ന ഡിമാൻഡ്, സ്റ്റോറേജ് സംവിധാനത്തിന്റെ അഭാവം എന്നിവയും പ്രതിസന്ധിക്ക് കാരണമാണ്. കഴിഞ്ഞ സെപ്റ്റംബറിനെ അപേക്ഷിച്ച് ഈ സെപ്റ്റംബറിൽ 925 മെഗാവാട്ടിന്റെ അധിക ഉപഭോഗമുണ്ടായി. അതിനനുസരിച്ചുള്ള ആസൂത്രണം കഴിഞ്ഞവർഷം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞവർഷം ഉണ്ടായിരുന്ന ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ റദ്ദാക്കിയെങ്കിലും പകരം കരാർ വച്ചില്ല. ദീർഘകാല കരാർ ഗൗരവമായി പരിഗണിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരക്ക് ചർച്ചകൾ പുരോഗമിക്കുകയാണ്.

സംസ്ഥാനത്ത് 2500 മെഗാവാട്ട് സൗരോർജ വൈദ്യുതി ഉൽപാദന ശേഷിയുണ്ട്. എന്നാൽ സ്റ്റോറേജ് സംവിധാനമില്ലാത്തതിനാൽ ഇത് പകൽ മാത്രമാണ് ഉപയോഗിക്കുന്നത്. ബോർഡിന് വൈദ്യുതി നൽകുമ്പോൾ പീക്ക് അവറിൽ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പകരം വൈദ്യുതി നൽകേണ്ടിവരുന്നു. ബാറ്ററി സംവിധാനവും സ്റ്റോറേജും ഇല്ലാത്തതിനാൽ പകൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ ഗുണം പീക്ക് അവറിൽ ലഭിക്കുന്നില്ല.

പുനരുപയോഗ വൈദ്യുതി സ്റ്റോറേജ് സംവിധാനത്തോടെ നിലവിലെ 2500 മെഗാവാട്ട് ശേഷി 5000 അല്ലെങ്കിൽ 6000 മെഗാവാട്ടായി വർധിപ്പിക്കാനാണ് ആലോചന. ഉൽപാദിപ്പിക്കുന്ന വൈദ്യുതി സംഭരിച്ച് പീക്ക് അവറിൽ ഉപയോഗിക്കാനാകും. പുതിയ ജലവൈദ്യുത പദ്ധതികൾ തുടങ്ങുന്നതിന് പരിമിതികളുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളോ മറ്റ് എതിർപ്പുകളോ ഇല്ലാത്ത പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ പരിഗണിക്കും.

നിലവിൽ സംസ്ഥാനത്ത് ഏകദേശം 6000 മെഗാവാട്ടാണ് വൈദ്യുതി ആവശ്യം. 2030 ആകുമ്പോഴേക്കും ഇത് 10,000 മെഗാവാട്ടായി ഉയരുമെന്നാണ് കണക്ക്. സെമികണ്ടക്ടർ, എഐ അധിഷ്ഠിത ബിസിനസുകൾ വരുന്നതോടെ വൈദ്യുതി ഉപഭോഗം വർധിക്കും. ഈ പ്രൊജക്ഷൻ കൂടി കണക്കിലെടുത്തുള്ള ദീർഘകാല പദ്ധതിയുണ്ടാകും. പുനരുപയോഗ വൈദ്യുതി മേഖലയിലേക്ക് സ്വകാര്യ മേഖലയെ സ്വാഗതം ചെയ്യും. സംസ്ഥാനത്ത് നിലവിൽ നിരവധി നിക്ഷേപ നിർദേശങ്ങളുണ്ട്. കർണാടക 5000 മെഗാവാട്ടിലേറെ പുനരുപയോഗ വൈദ്യുതി ഉൽപാദിപ്പിച്ചിട്ടും കേരളത്തിൽ ഇതിന് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ലെന്നും സ്റ്റോറേജ് സംവിധാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒക്ടോബർ ഒന്നുമുതൽ അടുത്ത മൺസൂൺ ആരംഭിക്കുന്നതുവരെയുള്ള കാലയളവിനായി പ്രത്യേക വൈദ്യുതി പദ്ധതി തയാറാക്കും. കേന്ദ്ര, പൊതുമേഖലാ സ്ഥാപനങ്ങളുമായും മറ്റ് സംസ്ഥാനങ്ങളുമായും വൈദ്യുതി വാങ്ങൽ കരാറുകൾ ഉണ്ടാക്കും. പുതിയ വൈദ്യുതി നയം പ്രഖ്യാപിക്കും. വിശദമായ വൈദ്യുതി നയമാണ് തയാറാക്കുന്നത്. നിലവിലെ വൈദ്യുതി പ്രതിസന്ധി താൽക്കാലികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസി ഉപയോഗം സാധാരണക്കാരിലും വർധിച്ചതോടെ ഉപഭോഗം കൂടിയിട്ടുണ്ട്. പവർകട്ട് കുറച്ചുകൊണ്ടുവരികയാണ്. എൽ നിനോ പ്രതിഭാസം കാരണം ജനുവരി മുതൽ അടുത്ത മൺസൂൺ വരെ വലിയ ചൂട് പ്രതീക്ഷിക്കുന്നതിനാൽ അതിനനുസരിച്ചുള്ള ആസൂത്രണം നടത്തും. കെ.എസ്.ഇ.ബിയെ സ്വയംപര്യാപ്തമാക്കും. ബോർഡ് സ്വകാര്യവൽക്കരിക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

ENGLISH SUMMARY:

Chief Minister V.D. Satheesan said Kerala’s power crisis can be brought under control within a week. The state is procuring electricity from Odisha, the Nuclear Power Corporation and other states while exploring long-term power purchase agreements. The government plans to expand renewable energy storage, consider pumped storage projects and introduce a new electricity policy to meet rising demand.