റിപ്പോർട്ടർ ടിവി ചാനലിൽ നടന്ന പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ചാനലിലെ വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും, ആ ചാനലിൽ കണ്ടാണ് വിവരം അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. അർജന്റീന ഫുട്ബോൾ ടീമിന്‍റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിലും ജി.എസ്.ടി തട്ടിപ്പ് ആരോപണങ്ങളിലുമാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. Also Read: 'അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള കരാർ വ്യാജം; സര്‍ക്കാരിനെയും ജനങ്ങളെയും ചതിച്ചു': എഫ്ഐആര്‍...
അർജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ വിവാദവുമായി ബന്ധപ്പെട്ട് കായിക വകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിശോധിച്ച് ആഭ്യന്തര വകുപ്പാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്ത്, വാറന്‍റോകൂടി നിയമപരമായാണ് റെയ്ഡ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജി.എസ്.ടി വകുപ്പും ഈ വിഷയത്തിൽ അന്വേഷണം നടത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ജി.എസ്.ടി തട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. റെയ്ഡ് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായല്ല, മറിച്ച് സ്വതന്ത്രമായ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നടത്തുന്ന കാര്യങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, മെസിയുടെപേരിലെ തട്ടിപ്പില്‍ സംസ്ഥാനവ്യാപകമായി പൊലീസ് റെയ്ഡ്. കൊച്ചിയില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ ആസ്ഥാനത്തും ഒന്നാംപ്രതി ആന്റോ അഗസ്റ്റിന്റെ ഫ്ലാറ്റിലും വയനാട്ടിലെ കുടുംബവീട്ടിലുമാണ് പരിശോധന. ആന്റോ അഗസ്റ്റിന്റെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ മൊബൈലും ലാപ് ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 5.30ന് തുടങ്ങിയ റെയ്ഡ് അവസാനിച്ചത് 10 മണിക്കാണ്.റിപ്പോര്‍ട്ടര്‍ ഓഫിസിലെ ഡിജിറ്റല്‍ ലോക്കര്‍ തുറന്ന് പരിശോധിക്കാനും പൊലീസ് നീക്കം.
കളമശേരി പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് റെയ്ഡ് ഉള്‍പ്പടെയുളള എസ്ഐടി നടപടി.കേസില്‍ ആന്‍റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയും ആര്‍ബിസി ഗ്രൂപ്പിനെ രണ്ടാം പ്രതിയാക്കിയും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു.അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള കരാര്‍ വ്യാജമാണെന്നും കരാറില്‍ വ്യാജഭാഗങ്ങള്‍ എഴുതിച്ചേര്‍ത്തെന്നും എഫ്ഐആറില്‍ പറയുന്നു. എഫ്ഐആറിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.