kerala-finance-department-investigates-gst-evasion-probe-sabotage-lionel-messi-visit
  • ആന്‍റോ അഗസ്റ്റിനാണ് കേസിലെ ഒന്നാം പ്രതി. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് ഗ്രൂപ്പ് (ആർബിസി) രണ്ടാം പ്രതിയും.

മെസിയെ എത്തിക്കാമെന്ന പേരിെല തട്ടിപ്പില്‍ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള കരാർ വ്യാജമാണെന്ന് എഫ്‌ഐആർ. ആന്റോ അഗസ്റ്റിനാണ് കേസിലെ ഒന്നാം പ്രതി.  റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് ഗ്രൂപ്പ് (ആർബിസി) ഗ്രൂപ്പാണ് രണ്ടാം പ്രതി. കരാറിൽ വ്യാജ ഭാഗങ്ങൾ എഴുതിച്ചേർത്തതായും എഫ്‌ഐആറിൽ പറയുന്നു. സർക്കാരിനെയും ജനങ്ങളെയും ചതിച്ചെന്നും അന്യായ ലാഭം ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയെന്നും എഫ്‌ഐആറിൽ ആരോപണമുണ്ട്. എഫ്‌ഐആറിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. Also Read: മെസ്സിയുടെ പേരില്‍ തട്ടിപ്പ്; സ്പോൺസറുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡ്


മെസിയുടെ പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ വസ്തുതകളുണ്ടെന്ന് എഡിജിപി പി. വിജയൻ. കോടതിയുടെ സെർച്ച് വാറന്റിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സ്ഥലങ്ങളിലാണ് നിലവിൽ പരിശോധന നടക്കുന്നത്. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പരിശോധനയ്ക്കിടെ ആരുടെയും ജോലി തടസപ്പെടുത്തിയിട്ടില്ലെന്നും എഡിജിപി വ്യക്തമാക്കി. ആരുടെയും ജോലി തടസപ്പെടുത്തിയിട്ടില്ല. ഞങ്ങളുടെ ജോലിയും തടസപ്പെടുത്തരുതെന്നും എഡിജിപി പി. വിജയൻ പറഞ്ഞു.

അതേസമയം,മെസിയുടെ പേരിലുള്ള തട്ടിപ്പ് കേസിൽ ആന്റോ അഗസ്റ്റിന്റെ മൊബൈൽ ഫോണും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. ആന്റോയുടെ ഫ്ലാറ്റിൽ പുലർച്ചെ 5.30ന് ആരംഭിച്ച റെയ്ഡ് രാവിലെ 10 മണിയോടെയാണ് പൂർത്തിയായത്. പരിശോധനയുമായി ആന്റോ സഹകരിച്ചെന്ന് പൊലീസ് അറിയിച്ചു. റെയ്ഡിന് ശേഷം ആന്റോ പൊലീസിനൊപ്പം ഫ്ലാറ്റിൽനിന്ന് പുറത്തേക്ക് പോയി.

 മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരില്‍ നടത്തിയ തട്ടിപ്പില്‍ കൊച്ചിയിലും വയനാട്ടിലും എസ്.ഐ.ടി പരിശോധന. ആന്റോ അഗസ്റ്റിന്റെ ഫ്ലാറ്റിലും റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസിലുമടക്കം കൊച്ചിയില്‍ നാലിടത്താണ് പരിശോധന. വയനാട് വാഴവറ്റയില്‍ ആന്റോയുടെ കുടുംബവീട്ടിലും പരിശോധന പുരോഗമിക്കുന്നു. കേസെടുത്തതിന് പിന്നലെയാണ് എസ്.ഐ.ടി നടപടി. കളമശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ പ്രതിചേര്‍ത്തിട്ടുണ്ട്.

റിപ്പോര്‍ട്ടര്‍ ടിവി പരിശോധനയുമായി സഹകരിച്ചില്ലെന്ന് തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രന്‍. പരിശോധനയ്ക്കുള്ള നോട്ടിസ് കൈപ്പറ്റിയില്ല. ന്യൂസ് ഡെസ്ക്കില്‍ കയറിയത് മറ്റ് സ്ഥലങ്ങളില്‍ ആളില്ലാത്തതിനാല്‍. വാര്‍ത്ത തടസ്സപ്പെടുത്തിയില്ലെന്നും തെറ്റിദ്ധരിപ്പിക്കുകയാണെന്നും എ.സി.പി പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പൊലീസ് പരിശോധന അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന അതിക്രമം എന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. ന്യൂസ് ഡെസ്കില്‍ കയറി വാര്‍ത്താസംപ്രേഷണം തടസ്സപ്പെടുത്തിയതും മാധ്യമപ്രവര്‍ത്തകരുടെ  ഫോണുകള്‍ പിടിച്ചുവാങ്ങിയതും മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമാണെന്ന് പിണറായി പറഞ്ഞു.  മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും  മറുപടി പറയണമെന്ന് പിണറായി. ഫെയ്സ്ബുക് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

The FIR in the alleged fraud carried out in the name of bringing Lionel Messi to Kerala states that the agreement with the Argentina Football Association (AFA) was fake. Anto Augustine is the first accused in the case, while Reporter Broadcasting Group (RBC) is the second accused.