• ആദിവാസികളുടെ കുടില്‍ക്കെട്ടി സമരത്തിനിടെ 2003 ഫെബ്രുവരി 19ന് നടന്ന സംഘര്‍ഷത്തിനിടെയാണ് ആദിവാസി യുവാവും പൊലീസുകാരനും കൊല്ലപ്പെട്ടത്

23 വര്‍ഷം മുന്‍പ് നടന്ന മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരന്‍ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. പൊലീസുകാരന്‍ വിനോദിനെ വെട്ടിയ രണ്ടാംപ്രതി അശോകന്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു. കൊലപാതകത്തില്‍ അശോകന് മാത്രമാണ് പങ്കെന്നും പ്രതി ജീവിച്ചിരിപ്പില്ലാത്തതിനാല്‍ ശിക്ഷ വിധിക്കുന്നില്ലെന്നും വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. 

മരവിച്ച മനസാക്ഷിയുമായാണ് വിധി കേട്ടതെന്നും നിരാശാജനകമാണെന്നും വിനോദിന്‍റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നീതി ലഭിക്കേണ്ടത് പൊതുസമൂഹത്തിന്‍റെയും ആവശ്യമാണെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പൊലീസുകാരന്‍ അബ്ദുല്‍ സലാമിനെതിരായ ആക്രമണത്തില്‍ ഗീതാനന്ദന്‍ ഉള്‍പ്പടെ നാലുപേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഈ കേസില്‍ ശിക്ഷ ഉടന്‍ വിധിക്കും. 

പൊലീസുകാരന്‍ കൊല്ലപ്പെട്ട് 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്. ആദിവാസികളുടെ കുടില്‍ക്കെട്ടി സമരത്തിനിടെ 2003 ഫെബ്രുവരി 19ന് നടന്ന സംഘര്‍ഷത്തിനിടെയാണ് ആദിവാസി യുവാവും പൊലീസുകാരനും കൊല്ലപ്പെട്ടത്. പൊലീസുകാരനെ ബന്ദിയാക്കി കൊലപ്പെടുത്തുകയും വനം ഉദ്യോഗസ്ഥന്‍ ശശിധരന്‍ ഉള്‍പ്പടെയുള്ളവരെ പരുക്കേല്‍പ്പിക്കുകയും ചെയ്തുവെന്നതാണ് കേസ്. ഗീതനന്ദനടക്കം 57 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 15 പേര്‍ വിചാരണക്കാലയളവില്‍ മരിച്ചു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അവസാനം സിബിഐയും ആണ് കേസ് അന്വേഷണം നടത്തിയത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നു കേസിന്റെ വിചാരണ എറണാകുളത്തെ സിബിഐ പ്രത്യേക കോടതിയിൽനിന്ന് കൽപറ്റ സെഷൻസ് കോടതിയിലേക്കു മാറ്റുകയായിരുന്നു. 

ENGLISH SUMMARY:

The Wayanad Principal Sessions Court has acquitted all accused in the high-profile 2003 Muthanga land agitation murder case involving the death of police officer K.V. Vinod, noting that the primary suspect passed away during trial. The 23-year-old legal battle, which transitioned through local police, crime branch, and CBI investigations, concluded with the court ruling that no surviving defendants could be convicted for the specific murder, though four individuals—including Geetanandan—were found guilty of assaulting another officer, Abdul Salam.