india-rape

 കൊല്‍ക്കത്തയിലെ കസബ മേഖലയിലെ ലോ കോളജ് ക്യാംപസില്‍വച്ച് നിയമ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ഇന്നലെ രാത്രി ഏഴരയ്ക്കും ഒമ്പതിനും ഇടയിലാണ് സംഭവം. ആരോപണവിധേയരായ മൂന്നു പേരില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോളജ് സ്റ്റാഫ് അംഗങ്ങളാണ് പിടിയിലായതെന്നും കോളജിലെ പൂര്‍വവിദ്യാര്‍ഥിയെയാണ് ഇനി പിടികൂടാനുള്ളതെന്നും പൊലീസ് പറയുന്നു.

തൃണമൂല്‍ ഭരണത്തിനെതിരെ ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തുവന്നു. അങ്ങേയറ്റം ഭീകരമായ അവസ്ഥയാണ് സംസ്ഥാനത്തെന്നും കൊല്‍ക്കത്ത നഗരത്തില്‍ കസ്ബ ക്യാംപസില്‍വച്ച് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി എന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആര്‍ജി കര്‍ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ക്കുണ്ടായ ദുരനുഭവത്തിന്‍റെ കറ മാറുംമുന്‍പാണ് സമാനമായ മറ്റൊരു സംഭവം കൂടി ഉണ്ടാവുന്നത്.

ആര്‍ജി കര്‍ സംഭവം നടന്ന് പത്തുമാസം മാത്രമാകുന്ന വേളയിലാണ് ഇതെന്നും പെണ്‍കുട്ടികള്‍ക്ക് ജീവിക്കാനാവാത്ത സ്ഥലമായി കൊല്‍ക്കത്ത മാറിയെന്നും അദ്ദേഹം പറഞ്ഞു.ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ 33കാരനായ സഞ്ജയ് സിങ് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. ഇയാള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഈ സംഭവത്തിനു പിന്നാലെ മറ്റൊരു സംഭവം കൂടി വന്നതോടെ മമതാ ബാനര്‍ജി സര്‍ക്കാര്‍ കടുത്ത രീതിയിലുള്ള ആരോപണങ്ങള്‍ നേരിടുകയാണ്.

ENGLISH SUMMARY:

A law student was gang-raped on a college campus in Kolkata. The incident took place last night between 7:30 pm and 9 pm. Of the three accused, two have been arrested by the police. The arrested individuals are members of the college staff, while the police said that the remaining accused is a former student of the college who is yet to be apprehended.