പ്രതിഷേധത്തിലിരമ്പി മെസിയുടെ 'ഗോട്ട് ഇന്ത്യ ടൂര്‍ 2025'. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ‘ഗോട്ട് ഇന്ത്യ ടൂര്‍ 2025’ന്റെ ഭാഗമായാണ് അര്‍ജന്റീനിയന്‍ ഇതിഹാസ താരം ലയണല്‍ മെസി കൊല്‍ക്കൊത്തയിലെത്തിയത്. എന്നാല്‍ താരത്തെ കാണാനെത്തിയ ആരാധകര്‍ നിരാശയിലായിരിക്കുകയാണ്.
അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസത്തെ ഒരു നോക്ക് കാണാൻ 50,000 ല്‍ അധികം ആളുകളാണ് സ്റ്റേഡിയത്തിലേക്ക് എത്തിയത്. 5,000 മുതൽ 45,000 രൂപ വരെയായിരുന്നു ടിക്കറ്റിനായി ഈടാക്കിയ തുക. ഇത്രയും പണം വാങ്ങിയിട്ട് മെസിയെ കാണാനായില്ല എന്നതാണ് ആരാധകരെ രോഷം കൊള്ളിച്ചത്. രാവിലെ 11:15 ന് വേദിയിൽ എത്തിയ മെസി 10 മിനിട്ടിനുള്ളില്‍ തന്നെ സ്റ്റേഡിയം വിട്ടു. സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലൂെട മെസി വലം വക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതൊന്നും ഉണ്ടായില്ല. കണ്ണടച്ചു തുറക്കും മുന്‍പേ മെസി പോയെന്നാണ് ആരാധകര്‍ പറഞ്ഞത്. രോഷാകുലരായ ആരാധകര്‍ വേദിയിലേക്ക് കുപ്പികളും കസേരകളും വലിച്ചെറിയുകയും വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു.
പരിപാടിയുടെ സംഘാടനം തികഞ്ഞ പരാജയമായിരുന്നുവെന്നും പണം തിരികെ വേണമെന്നും ആളുകള്‍ ആവശ്യപ്പെട്ടു. 'തികച്ചും അസംബന്ധമായ സംഘാടനം. ഞങ്ങളെല്ലാവരും ഫുട്‌ബോളിനെ സ്നേഹിക്കുന്നവരാണ്. മെസിയെ കാണാനാണ് വന്നത്, പക്ഷേ അത് ഒരു തട്ടിപ്പായിരുന്നു. ഞങ്ങൾക്ക് പണം തിരികെ വേണം... കൊൽക്കത്തയ്ക്ക് ഇത് കറുത്ത ദിനമാണ്. മന്ത്രിമാർ അവരുടെ കുട്ടികളോടൊപ്പം അവിടെ ഉണ്ടായിരുന്നു, മറ്റുള്ളവർക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല... ഞങ്ങൾക്ക് വളരെ വേദനയുണ്ട്,' ആരാധകര്‍ പറഞ്ഞു.
ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവര്‍ക്കൊപ്പമാണ് മെസിയെത്തിയത്. സാൾട്ട് ലേക്ക് സ്റ്റേഡിയം വിട്ടതിന് പിന്നാലെ മെസി കൊൽക്കത്ത വിമാനത്താവളത്തിൽ എത്തി. ഹൈദരാബാദാണ് അടുത്ത സന്ദര്‍ശന സ്ഥലം. മുംബൈ, ഡൽഹി എന്നിവിടങ്ങളിലൂടെയും താരം സഞ്ചരിക്കും. മുഖ്യമന്ത്രിമാർ, കോർപ്പറേറ്റ് പ്രമുഖർ, ബോളിവുഡ് താരങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നത്.