ഇന്ത്യയിലെത്തുന്ന ലയണല്‍ മെസിക്കൊപ്പം ചുവടുവയ്ക്കാന്‍ കിങ് ഖാനും. കൊല്‍ക്കത്ത സോള്‍ട്ട്‍ ലേക്ക് സ്റ്റേഡിയത്തില്‍ മെസിയെ കാണാന്‍ താന്‍ എത്തുമെന്ന് ഷാറൂഖ് ഖാന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചതോടെ ആരാധകര്‍ ആവേശത്തിലായി. മെസിക്കൊപ്പം ഷാറൂഖ് ഫുട്ബോള്‍ കളിക്കുമോ അതോ ഷാറൂഖിന്റെ സിഗ്നേച്ചര്‍ പോസ് മെസി അവതരിപ്പിക്കുമോ? ഇതാണ് ആരാധകരുടെ ചര്‍ച്ച. നാളെ പുലര്‍ച്ചെ മെസി ഇന്ത്യയിലെത്തും .
ഫുട്ബോളിലെ മിശിഹ നാളെയാണ് കൊല്‍ക്കത്തയില്‍ വീണ്ടും ചുവടുവയ്ക്കുന്നത്. ഗോട്ട് ഇന്ത്യ പരിപാടിയുടെ ഭാഗമായി മെസി നാളെ പുലര്‍ച്ചെ കൊല്‍ക്കത്തയിലെത്തും. രാവിലെ പതിനൊന്നോടെയാണ് സ്റ്റേഡിയത്തിലെത്തുന്നത്. മെസി ഡേയില്‍ കാണാമെന്ന ഷാറൂഖ് ഖാന്‍ കുറിച്ചതോടെ കൊല്‍ക്കത്ത ഇരട്ടി സന്തോഷത്തിലാണ്. സ്റ്റേഡിയത്തിലെത്തുന്ന ഷാറൂഖും മെസിയും വെറുതെ സ്റ്റേജിലിരിക്കുമോ, അതോ ഫുട്ബോള്‍ കളിക്കുമോ, അതോ തന്റെ സിഗ്നേച്ചര്‍ പോസ് ഷാറൂഖ് മെസിയെ പഠിപ്പിക്കുമോ? ഇതാണ് കിങ്ഖാന്‍ പ്രേമികളുടെ ചോദ്യം. ഷാറൂഖ് ഖാന്റെ റോളിനെക്കുറിച്ച് സംഘാടകരും ഒന്നും പുറത്തുപറഞ്ഞിട്ടില്ല. 14ന് മുംബൈയിലെത്തുന്ന മെസിയെ കാണുവാന്‍ ബോളിവുഡ് താരങ്ങളായ ജോണ്‍ എബ്രഹാമും ജാക്കി ഷറോഫും ടൈഗര്‍ ഷറോഫും എത്തും. ക്രിക്കറ്റില്‍ നിന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കറും എംഎസ് ധോണിയും മുംബൈയില്‍ മെസിയെ കാണുവാന്‍ എത്തും. മെസിക്കൊപ്പം കളിക്കുന്നതാണ് തന്റെ വലിയ ആഗ്രഹങ്ങളിലൊന്ന് എന്ന് പറഞ്ഞ രണ്‍ബീര്‍ കപൂര്‍ ഇഷ്ടതാരത്തെ കാണുവാന്‍ എത്തുമോയെന്ന ആകാംഷയിലാണ് ആരാധകര്‍.