കാത്തിരിപ്പിന് വിരാമമിട്ട് ഫുട്ബോള്‍ മിശിഹ ഇന്ത്യയിലെത്തി. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ‘ഗോട്ട് ഇന്ത്യ ടൂര്‍ 2025’ന്റെ ഭാഗമായാണ് അര്‍ജന്റീനിയന്‍ ഇതിഹാസ താരം ലയണല്‍ മെസി കൊല്‍ക്കൊത്തയിലെത്തിയത്. കാണാന്‍ കൊതിച്ച ആ വരവ് കാണാന്‍ കൊടും തണുപ്പിനെ അവഗണിച്ച് ആയിരങ്ങള്‍ അര്‍ദ്ധരാത്രി കാത്തിരുന്നു. ഇന്ന് പുലര്‍ച്ചെ 2.26നാണ് മെസിയുടെ വിമാനം കൊല്‍ക്കത്തയിലിറങ്ങിയത്.
അന്താരാഷ്ട്ര ടെര്‍മിനലിലെ ഗേറ്റ് 4ല്‍ ആരവങ്ങളുടെ കാഴ്ചയായിരുന്നു പിന്നെ കണ്ടത്. മുദ്രാവാക്യങ്ങളും പതാകകളും ആര്‍ത്തലച്ചുള്ള വിളികളും മെസിയേയും അമ്പരപ്പിച്ചു. പിന്നാലെ കനത്ത സുരക്ഷയില്‍ വിഐപി ഗേറ്റിലൂടെ മെസിയെ പുറത്തേക്ക് കൊണ്ടുപോയി. വലിയ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയെത്തിയ മെസിയെ കാണാന്‍ ഹോട്ടല്‍ പരിസരത്തും വന്‍ ജനക്കൂട്ടം കാത്തിരുന്നു. ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവര്‍ക്കൊപ്പമാണ് മെസിയെത്തിയത്.
വിമാനത്തില്‍ നിന്നും താരം ഇറങ്ങിയ ഉടന്‍ മെസി, മെസി വിളികളായിരുന്നു അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നത്. പിന്നാലെ ഡിപോളിനേയും ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ചു. പിന്നാലെയെത്തിയ സുവാരസിന്റെ പേര് വിളിച്ചയുടന്‍ അദ്ദേഹം കാണികള്‍ക്ക് നേരെ നോക്കി ചിരിച്ച് കൈകാണിച്ചതും ആരാധകരെ ആവേശത്തിലാക്കി.
അടുത്ത 72 മണിക്കൂറിനുള്ളിൽ കൊൽക്കൊത്ത, ഹൈദരബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലൂടെ താരം സഞ്ചരിക്കും. മുഖ്യമന്ത്രിമാർ, കോർപ്പറേറ്റ് പ്രമുഖർ, ബോളിവുഡ് താരങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നത്.