ernakulam-dist-court

നടിയെ ആക്രമിച്ച കേസില്‍ കൂട്ടബലാല്‍സംഗമെന്ന കുറ്റം തെളിഞ്ഞതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചത് കണക്കിലെടുക്കാതെ കോടതി. ശിക്ഷ വിധിക്കുമ്പോള്‍ കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കണക്കിലെടുക്കേണ്ടതുണ്ടെന്നും സമൂഹത്തോടും കുറ്റവാളിയോടും നീതി പുലർത്തുന്ന രീതിയിൽ സന്തുലിതമായിരിക്കണം എന്നാണ് വിധി പറഞ്ഞ ജഡ്ജി ഹണി എം.വര്‍ഗീസ് വ്യക്തമാക്കിയത്. കുറ്റകൃത്യത്തിന്റെ ചരിത്രം, പ്രതിയുടെ തിരുത്തപ്പെടാനുള്ള സാധ്യത, ശിക്ഷയുടെ ലക്ഷ്യങ്ങൾ എന്നിവയും പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കുന്നു. ശിക്ഷ വിധിക്കുമ്പോൾ കോടതി വികാരങ്ങൾക്ക് അടിമപ്പെടാനോ, പക്ഷപാതപരമായി പെരുമാറാനോ പാടില്ലെന്നും വിധിയില്‍ പറയുന്നു.

അതേ സമയം പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്തു എന്ന വസ്തുത കോടതിക്ക് പരിഗണിക്കാതിരിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതികളുടെ ചെയ്തി ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയും അവരിൽ ഭയവും അപമാനവും നിസ്സഹായതയും ഉണ്ടാവുകയും ചെയ്തു. ഇത് അവർക്ക് മാനസികമായ ആഘാതം നൽകിയെന്നും കോടതി പറയുന്നു. 

സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയാണ് അതിജീവിത ആക്രമിക്കപ്പെട്ടതെന്ന കാര്യവും വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ പ്രതികളുടെ പ്രായം, അവരുടെ കുടുംബ സാഹചര്യം എന്നിവ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന നിലപാടിലാണ് ന്യായാധിപ. ഒന്നാം പ്രതി ഒഴികെ ബാക്കിയുള്ളവർക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമില്ല എന്ന വാദവും കോടതി പരിഗണിച്ചു. 40 വയസ്സിൽ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായമെന്നും കോടതി വ്യക്തമാക്കുന്നു.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല സമൂഹത്തിന്റെ വികാസത്തെയും ബാധിക്കുന്നുണ്ടെന്ന് പറഞ്ഞ കോടതി ലിംഗനീതിയെ കുറിച്ച് പൊതുസമൂഹത്തെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയും ഈ വിധിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ പറഞ്ഞ സാഹചര്യങ്ങളെല്ലാം പ്രസക്തമാണെന്നിരിക്കെത്തന്നെ പരമാവധി ശിക്ഷയായ ജീവപര്യന്തം നൽകേണ്ട സാഹചര്യമില്ല എന്നും കോടതി വ്യക്തമാക്കുന്നു

ENGLISH SUMMARY:

The court in the actress attack case found the crime of gang rape proven but opted against awarding the maximum sentence of life imprisonment, despite the prosecution's strong arguments. Judge Honey M. Varghese explained that sentencing must be a balanced act, serving justice to both the society and the accused, while considering the crime's impact on the victim. The court noted that while the severity of the act, which violated the victim's dignity and security, could not be ignored, factors like the age (all below 40) and lack of prior criminal history (except for the first accused) were also taken into account. This judgment stresses the need for public awareness about gender justice and the social implications of crimes against women. Ultimately, the court concluded that given all these mitigating factors, a scenario demanding the highest sentence was not warranted.