air-india-crash

ഇരുന്നൂറ്റിയെഴുപതിലേറെപ്പേരുടെ ജീവന്‍ പൊലിഞ്ഞ അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നാലെ തകര്‍ന്ന് വീണ വിമാനത്തില്‍ നിന്ന് കിട്ടിയത് 100 പവന്‍ സ്വര്‍ണാഭരണങ്ങളും 80,000ത്തിലേറെ രൂപയുമെന്ന് വെളിപ്പെടുത്തല്‍. രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയ പ്രദേശവാസി രാജു പട്ടേലിന്‍റേതാണ് വെളിപ്പെടുത്തല്‍. സ്വര്‍ണത്തിനും പണത്തിനും പുറമെ ഭഗവദ്ഗീതയും പാസ്പോര്‍ട്ടുകളും ലഭിച്ചുവെന്നും കിട്ടിയതെല്ലാം പൊലീസിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. Also Read: ആകാശദുരന്തത്തിന്‍റെ 32 സെക്കന്‍റ്; ദൃശ്യങ്ങള്‍ പറയുന്നതെന്ത്?

plane-ahmedabad

അപകടമുണ്ടായത് കണ്ട് ആദ്യം ഓടിയെത്തിയതും  പ്രദേശവാസികളായിരുന്നു. നിര്‍മാണ വ്യവസായിയാണ് 56കാരനായ രാജു പട്ടേല്‍. വിമാനാപകടമുണ്ടായി അഞ്ച് മിനിറ്റിനുള്ളില്‍ രാജു രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തി. ബി.ജെ.മെഡിക്കല്‍ കോളജിന്‍റെ കന്‍റീന് മേലേക്കാണ് വിമാനത്തിന്‍റെ വലിയൊരുഭാഗവും കത്തി വീണത്. ആദ്യത്തെ 20 മിനിറ്റ് അപകടസ്ഥലത്തേക്ക് അടുക്കാന്‍ കഴിഞ്ഞില്ലെന്നും അത്രയും വലിയ തീയായിരുന്നുവെന്നും രാജു നടുക്കത്തോടെ പറയുന്നു.  Read More: ക്യാപ്റ്റന്‍ സുമീത് സബര്‍വാളിന് വിട നല്‍കി പിതാവ്

അഗ്നിരക്ഷാസേനയെത്തിയതിന് പിന്നാലെയാണ് നാട്ടുകാരും വിമാനത്തിനടുത്തേക്ക് എത്തിയത്. സ്ട്രെച്ചറുകള്‍ ഇല്ലാതിരുന്നതിനാല്‍ സാരിയിലും ബെഡ്ഷീറ്റുകളിലുമായാണ് പൊള്ളലേറ്റവരെയും മൃതദേഹങ്ങളെയും ആശുപത്രിയിലേക്ക് മാറ്റിയത്. ലഗേജുകളെല്ലാം പരിസരത്ത് ചിതറി വീണുവെന്നും ഇതില്‍ നിന്നും സാധനങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ ശേഖരിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരുടേതായി ലഭിച്ച വസ്തുക്കളെല്ലാം കൃത്യമായി രേഖപ്പെടുത്തുകയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറുകയും ചെയ്തുവെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സാങ്​വി വ്യക്തമാക്കി. 

ahmedabad-planecrash

242 പേരുമായി ജൂണ്‍ 12ന്  ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷം ലണ്ടനിലെ ഗാട്​വിക്കിലേക്ക് പറന്നുയര്‍ന്ന വിമാനം ടേക്ക് ഓഫിന് പിന്നാലെ നിലത്തേക്ക് കത്തിവീഴുകയായിരുന്നു. ബി.ജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിന്‍റെ മെസിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. വിമാനയാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും  പുറമെ എംബിബിഎസ് വിദ്യാര്‍ഥികളും പ്രദേശവാസികളും ദുരന്തത്തില്‍ കൊല്ലപ്പെട്ടു. വിമാനത്തിന്‍റെ എമര്‍ജന്‍സി വാതിലിനരികെയുള്ള 11A സീറ്റിലിരുന്ന വിശ്വാസ് കുമാറെന്ന ബ്രിട്ടിഷ് പൗരന്‍ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നവരില്‍ രക്ഷപെട്ടത്. 270 മൃതശരീരങ്ങളാണ് ദുരന്തസ്ഥലത്ത് നിന്നും ഇതിനകം കണ്ടെത്തിയത്. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കിയവ ബന്ധുക്കള്‍ക്ക് കൈമാറി. മലയാളി നഴ്സായ രഞ്ജിതയും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

ENGLISH SUMMARY:

In the aftermath of the tragic Ahmedabad plane crash that killed over 270, rescuer Raju Patel found 100 sovereigns of gold, ₹80,000 cash, and a Bhagavad Gita amidst the wreckage. He reportedly handed all items, including passports, to the police. This account from a local resident highlights the immediate, chaotic scene after the disaster.