അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച ക്യാപ്റ്റൻ സുമീത് സബർവാളിന് പിതാവ് പുഷ്കരാജ് സബർവാൾ വിടനൽകിയ കാഴ്ച കണ്ടുനിന്നവരുടെ കണ്ണുനനയിക്കുന്നതായിരുന്നു. വയോധികനായ പിതാവിനെ പരിചരിക്കാൻ ജോലി ഉപേക്ഷിക്കാൻ തയാറായിരിക്കെയായിരുന്നു സുമീതിന്റെ ആകസ്മിക വിയോഗം.
മുംബൈ ജൽ വായു വിഹാറിലെത്തിച്ച മൃതദേഹത്തിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് തങ്ങളുടെ പ്രിയപ്പെട്ടവന് അന്ത്യാഞ്ജലി അർപ്പിച്ചത്. തന്നെ പരിചരിക്കുന്നതിനായി വിവാഹം പോലും ഉപേക്ഷിച്ച മകന് പുഷ്കരാജ് സബർവാൾ നൽകിയ അന്ത്യാഞ്ജലി ഹൃദയഭേദകമായിരുന്നു. പ്രായത്തിന്റെ അവശതകൾക്കിടയിൽ മകന്റെ കത്തിക്കരിഞ്ഞ മൃതദേഹത്തിനു മുന്നിൽ തൊഴുകൈകളോടെ കുറച്ചു നേരം നിന്നു.
നീറുന്ന ഹൃദയവുമായി ക്യാപ്റ്റൻ സുമീത്തിന് ഫൈനൽ ‘ടേക്കോഫ്’ നൽകാൻ പ്രിയപ്പെട്ട എല്ലാവരുമെത്തി. കുറച്ചുസമയത്തെ പൊതുദർശനത്തിനും മതപരമായ പ്രാർഥന ചടങ്ങുകള്‍ക്കും ശേഷം മുക്തി ധാം ശ്മശാനത്തിൽ സംസ്കാരം.