AI Generated Image
സ്വന്തം വീടിനുള്ളിലെ ലിഫ്റ്റിൽ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. കുവൈത്തിലെ ജാബർ അൽ-അലി പ്രദേശത്താണ് സംഭവം. കുവൈത്തി ബാലനാണ് മരണപ്പെട്ടത്. അപകടവിവരമറിഞ്ഞ ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ പട്രോളിംഗ് സംഘവും അഗ്നിശമന സേനയും ആംബുലൻസ് യൂണിറ്റുകളും സ്ഥലത്തെത്തി. ഉടൻ തന്നെ വിദഗ്ധമായ രീതിയിൽ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കുട്ടിയെ ജീവനോടെ പുറത്തെടുക്കാൻ സാധിച്ചില്ല.
മൃതദേഹം തുടർനടപടികൾക്കായി ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റി. സംഭവത്തിൽ കുവൈത്ത് പൊലീസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലിഫ്റ്റിനുള്ളിൽ കുട്ടി എങ്ങനെയാണ് കുടുങ്ങിയതെന്ന കാര്യത്തിൽ വിശദമായ പരിശോധന നടക്കുകയാണ്.
അപകടത്തിന്‍റെ പശ്ചാത്തലത്തിൽ, ലിഫ്റ്റുകളുടെ ഉപയോഗത്തിലും പരിപാലനത്തിലും അതീവ ജാഗ്രത വേണമെന്ന് കുവൈറ്റ് ഫയർ ഫോഴ്സ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് മുന്നറിയിപ്പ് നൽകി. ലിഫ്റ്റുകളുടെ കൃത്യമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. കുട്ടികൾ തനിച്ച് ലിഫ്റ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും, അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കേണ്ട അലാറം പോലുള്ള സജ്ജീകരണങ്ങൾ ലിഫ്റ്റുകളിൽ ഉണ്ടെന്ന് കെട്ടിട ഉടമകൾ ഉറപ്പാക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.