Image credit: Reuters

Image credit: Reuters

മധ്യപൂര്‍വ ദേശത്തെ അമേരിക്കന്‍ വ്യോമത്താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്‍റെ ആക്രമണം കുവൈത്തിലുമെത്തിയെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലാണ് ഡ്രോണ്‍ പതിച്ചത്. വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. ടെര്‍മിനല്‍ 1 ല്‍ സാരമായ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും കുവൈത്ത് സിവില്‍ ഏവിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്തിന്‍റെ പരമാധികാരത്തിന് നേരെയുണ്ടായ ആക്രമണം ആണിതെന്നും അപലപിക്കുന്നുവെന്നും കുവൈത്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മധ്യപൂര്‍വ ദേശത്താകെ ആക്രമണം നടത്തി അസ്ഥിരത സൃഷ്ടിക്കരുതെന്നും സംഘര്‍ഷം വളരാന്‍ അനുവദിക്കരുതെന്നും കുവൈത്ത് ഇറാനോട് ആവശ്യപ്പെട്ടു.

ആക്രമണം ഉണ്ടായതിന് പിന്നാലെ എമര്‍ജന്‍സി പ്രോട്ടോക്കോള്‍ നിലവില്‍ വന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും എല്ലാത്തരത്തിലുള്ള അറിയിപ്പുകളും ലഭ്യമാകുന്ന നിലയ്ക്ക് ജനങ്ങളിലേക്ക് എത്തിക്കുമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല അല്‍ രാജ്ഹി അറിയിച്ചതായി അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദോഹയില്‍ രണ്ടാമതും സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അല്‍ ഉദെയ്ദ് ലക്ഷ്യമിട്ട് ഇറാന്‍റെ മിസൈലുകള്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാണെന്നും ഇറാന്‍ മിസൈലുകളെ പ്രതിരോധിച്ചെന്നും ഖത്തര്‍ അറിയിച്ചു. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ കഴിയണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും റിപ്പോര്‍ട്ടുണ്ട്. 

ദുബായിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരുക്കേല്‍ക്കയും പാം ജുമൈറയിലെ കെട്ടിടത്തിന് തീ പിടിക്കുകയും ചെയ്തിരുന്നു. അതീവ ജാഗ്രതാ നിര്‍ദേശമാണ് യുഎഇയും പുറപ്പെടുവിച്ചിരിക്കുന്നത്.

ENGLISH SUMMARY:

The Middle East crisis has intensified as an Iranian drone struck Kuwait International Airport's Terminal 1, causing structural damage and injuring airport staff. This attack coincides with a second wave of explosions in Doha, where Qatar’s defense systems intercepted missiles aimed at the Al Udeid strategic base. In the UAE, emergency services are battling a fire at a building in Palm Jumeirah following a missile strike that left four people injured. Kuwait Civil Aviation has condemned the strike as a violation of national sovereignty while activating strict emergency protocols to ensure passenger safety. As the conflict spreads, residents across Dubai, Doha, and Kuwait City have been advised to remain indoors and follow urgent safety directives from local authorities.