file image
രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നായി മാറിയ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ പൊലിഞ്ഞത് 270ലേറെ ജീവനുകളാണ്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം കത്തിയമരാന്‍ ഇടയാക്കിയ കാരണങ്ങളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വിമാനാപകടത്തിന്‍റേതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ 'റാറ്റ്'( Ram Air Turbine) പുറത്ത് പ്രകടമായി കണ്ടതോടെയാണ് അപകട കാരണം സങ്കീര്‍ണമാകുന്നത്.
Emergency crews work as smoke rises from the wreckage of a Boeing 787 Dreamliner where the Air India plane crashed in Ahmedabad, India, June 12, 2025. REUTERS/Amit Dave TPX IMAGES OF THE DAY
വിമാനത്തിന്‍റെ രണ്ട് എന്‍ജിനുകളും തകരാറിലാവുകയോ, പൂര്‍ണമായും വൈദ്യുതി നിലച്ച് പോവുകയോ, അതുമല്ലെങ്കില്‍ വിമാനത്തിന് ഹൈഡ്രോളിക് തകരാര്‍ (ലാന്‍ഡിങ് ഗിയര്‍, ബ്രേക്ക്, നിയന്ത്രണം എന്നിവയിലുണ്ടാകുന്ന തകരാര്‍ കാരണം മര്‍ദം നഷ്ടപ്പെടുന്ന അവസ്ഥ)സംഭവിക്കുമ്പോഴോ മാത്രമാണ് റാറ്റ് സ്വയം പുറത്തേക്ക് വരുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് വെറും 32 സെക്കന്‍റുകള്‍ക്കുള്ളില്‍ റാറ്റ് പുറത്തുവരാന്‍ മാത്രം എന്താണ് വിമാനത്തിന് സംഭവിച്ചതെന്നാണ് വിദഗ്ധര്‍ അന്വേഷിക്കുന്നത്. ടേക്ക് ഓഫിന് പിന്നാലെ വിമാനം മര്‍ദം കണ്ടെത്താന്‍ പ്രയാസപ്പെടുന്നതും പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളില്‍ കാണാം. കാറ്റില്‍ നിന്നുള്ള ഊര്‍ജം ഉപയോഗിച്ച് അടിയന്തരമായി വൈദ്യുതി ഉല്‍പാദിപ്പിച്ചാണ് റാറ്റ് പ്രവര്‍ത്തിക്കുക. ഇത് സ്വയം പ്രവര്‍ത്തിക്കുന്നതാണ്.
വിമാനത്തിന്‍റെ രണ്ട് എഞ്ചിനുകളും തകരാറിലായെന്നാണ് താന്‍ കരുതുന്നതെന്നും അതുകൊണ്ടാണ് പറന്ന് മുകളിലേക്ക് ഉയരാന്‍ കഴിയാതിരുന്നതെന്നും വ്യോമസേനയിലെ മുന്‍ പൈലറ്റും വ്യോമയാന വിദഗ്ധനുമായ ക്യാപ്റ്റന്‍ എഹ്സാന്‍ ഖാലിദ് പറയുന്നു. ഒരേസമയം രണ്ട് എന്‍ജിനുകളും പക്ഷികളിടിച്ച് തകരാറിലാകാനുള്ള സാധ്യത ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ' വിമാനത്തിന്‍റെ രണ്ട് എന്‍ജിനുകളും തകരാറിലായെന്ന് വേണം കരുതാന്‍. അപകടത്തില്‍ നിന്ന് രക്ഷപെട്ടയാളുടെ വാക്കുകളും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരു ശബ്ദം കേട്ടതായി രക്ഷപെട്ടയാള്‍ പറയുന്നു. അത് റാറ്റ് സ്വയം പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചതാകാം. ചുവപ്പും പച്ചയും ലൈറ്റുകള്‍ കണ്ടതായും അദ്ദേഹത്തിന്‍റെ മൊഴിയിലുണ്ട്. ഇത് എമര്‍ജന്‍സി പവര്‍ കണക്ട് ചെയ്യാനുള്ള ശ്രമത്തിനിടെ എമര്‍ജന്‍സി ലൈറ്റുകള്‍ തെളിഞ്ഞതാകാമെന്നും എഹ്സാന്‍ വ്യക്തമാക്കുന്നു.
വിമാനം പറക്കുകയായിരുന്നു, പക്ഷേ അതിന് അതിന്‍റെ ഉയരം കണ്ടെത്താന്‍ കഴിഞ്ഞില്ല. വൈദ്യുതി ലഭിക്കാതായതിനെ തുടര്‍ന്ന് വേഗം കുറയുകയും വിമാനത്തിന്‍റെ ലിഫ്റ്റ് നഷ്ടമാവുകയും വിമാനം താഴേക്ക് പതിക്കുകയുമായിരുന്നുവെന്നും അദ്ദേഹം സാധ്യത വിശദീകരിക്കുന്നു. വിമാനത്തിലെ വൈദ്യുതി തകരാറുകള്‍ ചില ഘട്ടങ്ങളില്‍ എന്‍ജിന്‍റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് എന്‍ജിനുകളും ഒരേ സമയത്ത് നിലച്ചതായാണ് കരുതുന്നത്. ഇത് സംഭവിക്കണമെങ്കില്‍ സോഫ്റ്റ്വെയറില് തകരാറുണ്ടാകണം. സെന്‍സറുകളില്‍ നിന്ന് തെറ്റായ സിഗ്നലുകള്‍ സ്വീകരിക്കുന്നതോടെയാണ് ഇത് സംഭവിക്കുക. ഇതിന്‍റെയും മൂലകാരണം വൈദ്യുതി തകരാര്‍ ആകാം എന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍ജിനുകളുടെ പിഴവാകാമെന്നാണ് പ്രഫ. ആദിത്യ പരഞ്ജ്പെയും പറയുന്നത്. ഒരു എന്‍ജിന്‍ പ്രവര്‍ത്തനക്ഷമമാണെങ്കില്‍ തന്നെ പറന്നുയരാന്‍ പാകത്തിലാണ് വിമാനങ്ങളുടെ ഘടന. അഹമ്മദാബാദിലെ വിമാനത്തിന്‍റെ രണ്ട് വശത്തും ഊര്‍ജനഷ്ടം വ്യക്തമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
**EDS: THIRD PARTY** In this image via MHA, is seen Vishwash Kumar Ramesh, the lone survivor of the Air India plane crash, receives treatment at a hospital in Ahmedabad, Thursday, June 12, 2025. The Ahmedabad-London Air India flight carrying 242 passengers crashed moments after taking off from the Ahmedabad airport. (MHA via PTI Photo) (PTI06_12_2025_000390A)
ജൂണ്‍ 12ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഗാട്വിക്കിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീം ലൈനര്‍ വിമാനമാണ് ടേക്ക് ഓഫിന് 32 സെക്കന്‍റുകള്‍ക്കുള്ളില്‍ കത്തിയമര്‍ന്നത്. സമീപത്തെ ബി.ജെ മെഡിക്കല്‍ കോളജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിന് മേലാണ് വിമാനം തീഗോളമായി പതിച്ചത്. രണ്ട് പൈലറ്റുമാരും 10 ക്രൂവും 230 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ രമേശൊഴികെ എല്ലാവരും കൊല്ലപ്പെട്ടു. മെഡിക്കല്‍ വിദ്യാര്‍ഥികളും പ്രദേശവാസികളുമായ മുപ്പതോളം പേര്‍ക്കും ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി.