crash

ആകാശയാത്രയ്ക്കിടയിലെ അപ്രതീക്ഷിത പിഴവുകള്‍ പലപ്പോഴും രാജ്യത്തിനുണ്ടാക്കിയത് തീരാനഷ്ടങ്ങളാണ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ അജിത് പവാറിന്റെ വിയോഗമാണ് ഈ പട്ടികയില്‍ ഒടുവിലായി ഇടം തേടുന്നത്. മുംബൈയില്‍ നിന്ന് ജന്മനാടായ ബാരാമതിയിലേക്ക് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് സ്വകാര്യവിമാനത്തില്‍ അജിത് പവാര്‍ യാത്രതിരിച്ചത്. ബാരാമതിക്കാരുടെ പ്രിയ 'ദാദ' സ്ഥിരമായി സഞ്ചരിക്കാറുള്ള ലിയര്‍ ജെറ്റ് 45 സ്വകാര്യ വിമാനം. ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡിന്  തൊട്ടുമുമ്പാണ് നിയന്ത്രണം വിട്ട് തകര്‍ന്നത്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. 

രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയേയും ലോകത്തേയും ഞെട്ടിച്ച വിമാനാപകടങ്ങള്‍ ഒട്ടനവധിയാണ്.  2025 ജൂണ്‍ 12ന് അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത് 274 പേര്‍. ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരന്തം. ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരിലും ഒരു രാഷ്ട്രീയ നേതാവ്  ഉള്‍പ്പെട്ടിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന വിജയ് രൂപാണി. 

2009 സെപ്റ്റംബര്‍ 2ന് ഉണ്ടായ വിമാനാപകടമാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഢിയുടെ ജീവനെടുത്തത്.  കര്‍ണൂര്‍ ജില്ലയിലെ നല്ലമല വനമേഖലയില്‍ തകര്‍ന്ന് വീണ ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായത് 24 മണിക്കൂര്‍ നീണ്ട തിരച്ചിലിന് ശേഷമാണ്. ആന്ധ്ര സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ബെല്‍ 430 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ലോക്സഭാ സ്പീക്കറായിരിക്കെ 2002 ല്‍ ആന്ധ്രപ്രദേശിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈ.എസ് രാജശേഖര റെഡ്ഢി കൊല്ലപ്പെട്ടത്.  മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന മാധവറാവു സിന്ധ്യ 2001ല്‍ ഉത്തര്‍പ്രദേശിലുണ്ടായ വിമാനാപകടത്തിലാണ് കൊല്ലപ്പെട്ടത്. 

2021 ഡിസംബര്‍ 8ന് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കൂനൂരിന് സമീപമുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യയുടെ പ്രഥമ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കോയമ്പത്തൂരിലെ സൂളൂര്‍ വ്യോമസേനാ താവളത്തില്‍ നിന്ന് ഊട്ടി വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജിലേക്ക് പോകുംവഴിയായിരുന്നു അപകടം. ലാന്‍ഡിങിന് 10 കിലോമീറ്റര്‍ ബാക്കിയുള്ളപ്പോള്‍ തകര്‍ന്ന് വീണു. 

അജിത് പവാറിന്‍റെ മരണത്തോടെ ഇന്ത്യയിലെ വിഐപി വിമാനങ്ങളുടേയും ഹെലികോപ്റ്ററുകളുടേയും സുരക്ഷാമാനദണ്ഡങ്ങള്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണ്. അത്യാധുനിക സാങ്കേതിക തികവുള്ള വിമാനങ്ങള്‍ പോലും ലാന്‍ഡിങ് സമയത്ത് അപകടത്തില്‍പ്പെടുന്നത്  ഗൗരവകരമായ സുരക്ഷാവീഴ്ചയായി വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. 

ENGLISH SUMMARY:

Airplane accidents in India have led to significant losses, with the recent passing of Maharashtra political stalwart Ajit Pawar tragically added to this list following a private jet crash. These incidents highlight serious safety lapses in VIP aircraft operations, prompting renewed discussions on aviation safety standards.