പ്രതീകാത്മക എഐ ചിത്രം
ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ വിവാഹ വിരുന്നിനിടെ വീണ്ടും പനീര്‍ നല്‍കാത്തതിനെ തുടര്‍ന്ന് മണ്ഡപത്തിലേക്ക് മിനിബസ് ഓടിച്ചു കയറ്റി അതിഥി. ചന്ദൗലി ജില്ലയിലെ ഹമീദ്പൂർ ഗ്രാമത്തിലെ വിവാഹ വേദിയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തിൽ വരന്‍റെ അച്ഛനും വധുവിന്റെ അമ്മാവനും ഉൾപ്പെടെ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം ഡ്രൈവർ വാഹനവുമായി രക്ഷപ്പെട്ടു.
വധുവിന്‍റെ വീട്ടില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടെയാണ് സംഭവം. വാരണാസിയിലെ മണ്ടുവാഡിയിലെ പഹാഡി ഗ്രാമത്തിൽ നിന്നാണ് വരനും ബന്ധുക്കളുമായുള്ള വിവാഹഘോഷയാത്ര വധുവിന്‍റെ വീട്ടില്‍ എത്തിയത്. ഇവിടേക്ക് വരന്‍റെ ബന്ധുക്കളുമായി എത്തിയ മിനി ബസ് ഡ്രൈവര്‍ ധർമ്മേന്ദ്ര യാദവാണ് വാഹനം വിവാഹ വേദിയിലേക്ക് ഓടിച്ചു കയറ്റിയത്. ഇയാളും വിവാഹ വിരുന്നില്‍ പങ്കുചേര്‍ന്നിരുന്നു. കൂടുതല്‍ പനീര്‍ ചോദിച്ചപ്പോള്‍ ഇയാളും വിളമ്പുകാരും തമ്മില്‍ തര്‍ക്കമുണ്ടായി. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് ബഹളത്തിനിടയില്‍ വധുവിന്‍റെ പിതാവ് ഡ്രൈവറുടെ തലയിൽ ഒരു തവി കൊണ്ട് അടിച്ചു. തുടര്‍ന്ന് ധര്‍മ്മേന്ദ്ര തന്‍റെ വാഹനം അതിവേഗത്തില്‍ മണ്ഡപത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
വരന്‍റെ പിതാവ് വിനോദ് യാദവിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വധുവിന്‍റെ അമ്മാവൻ ജോഗി യാദവിന്‍റെ കൈ ഒടിയുകയും ചെയ്തു. ഇവരെ കൂടാതെ മറ്റ് നാല് അതിഥികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തെത്തുടർന്ന് രാത്രിയിലെ ചടങ്ങുകള്‍ നിര്‍ത്തിവയ്ക്കുകയും ഞായറാഴ്ച പുലർച്ചെ പൊലീസിന്റെ സാന്നിധ്യത്തില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പരിക്കേറ്റവരെ ബിഎച്ച്‌യുവിലെ ട്രോമ സെന്ററിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. വധുവിന്റെ പിതാവിന്റെ പരാതിയിൽ ധർമ്മേന്ദ്ര യാദവിനെതിരെ കൊലപാതകശ്രമം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ തിരിച്ചില്‍ തുടരുകയാണ്.