Image Credit: instagram.com/army_lover_ajay_yadav_ghzipur
രാജ്യത്ത് റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടിയുള്ള അപകടങ്ങള്‍ പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെയാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട വാര്‍ത്തകളും. എന്നാല്‍ അടുത്തിടെ റെയിൽവേ ട്രാക്കില്‍ ഇരുന്നുകൊണ്ട് ഫോണ്‍ വിളിക്കുന്ന യുവാവിന്‍റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. പാഞ്ഞെത്തുന്ന ട്രെയിനിന് മുന്നില്‍ കൂസലില്ലാതെയാണ് യുവാവ് കാമുകിയുമായി ഫോണ്‍ സംഭാഷണത്തില്‍ മുഴുകിയിരിക്കുന്നത്. ലോക്കോപൈലറ്റിന്‍റെ കൃത്യമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നുള്ള വിഡിയോയാണ് പ്രചരിക്കുന്നത്. വിഡിയോയില്‍ യുവാവ് റെയിൽവേ ട്രാക്കിൽ ഫോണ്‍ സംഭാഷണത്തില്‍ മുഴുകിയിരിക്കുകയാണ്. ഈ ട്രാക്കില്‍ തന്നെ ട്രെയിന്‍ എന്‍ജിന്‍ വരുന്നതും ദൃശ്യങ്ങളിലുണ്ട്. യുവാവിനെ കണ്ട്തുമുതല്‍ ലോക്കോപൈലറ്റ് ഹോണ്‍ മുഴക്കുന്നു. എന്നാല്‍ അതൊന്നും യുവാവ് കേള്‍ക്കുന്നില്ല. അപകടകരമായ രീതിയിൽ ട്രെയിന്‍ അടുത്തെത്തിയിട്ടും ഹോണ്‍ മുഴക്കിയിട്ടും യുവാവ് അറിയുന്നില്ല. ഒടുവില്‍ യുവാവിന്‍റെ അടുത്തെത്തിയതോടെ ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തുന്നു. തൊട്ടുമുന്നിൽ ട്രെയിൻ നിർത്തിയപ്പോൾ മാത്രമാണ് യുവാവ് സംഭവം അറിഞ്ഞതും ട്രാക്കില്‍ നിന്നും മാറിയതും.
വിഡിയോ അവിടെയും അവസാനിക്കുന്നില്ല. പിന്നാലെ ട്രെയിനില്‍ നിന്നിറങ്ങിയ ലോക്കോപൈലറ്റ് യുവാവിനെ കല്ലെടുത്ത് എറിയുന്നതും യുവാവ് ഓടുന്നതും വിഡിയോയിലുണ്ട്. വിഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി എത്തുന്നത്. അതേസമയം യുവാവിന് മുന്നറിയിപ്പ് പോലും നല്‍കാതെ വിഡിയോ ചിത്രീകരിച്ചുകൊണ്ടിരുന്ന വ്യക്തിയെയും നെറ്റിസണ്‍സ് വിമര്‍ശിക്കുന്നു. മറ്റുചിലരാകട്ടെ സംഭവത്തെ തമാശരൂപേണയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.