19-minute-34-second-viral-video

‘19 മിനിറ്റ് 4 സെക്കൻഡ് വിഡിയോ’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ കാണുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് പൊലീസിന്‍റെ മുന്നറിയിപ്പ്. നവംബര്‍ അവസാനം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിഡിയോ ഇപ്പോളും പല പ്ലാറ്റ്ഫോമുകളിലും ട്രെന്‍ഡിങ്ങാണ്. ഈ സാഹചര്യത്തിലാണ് ഹരിയാന പൊലീസ് താക്കീതുമായി രംഗത്തെത്തിയിരിക്കുന്നത്.

എന്താണ് 19 മിനിറ്റ് 4 സെക്കൻഡ് വിഡിയോ?

വാട്സാപ്പ്, ഇൻസ്റ്റഗ്രാം, എക്സ് എന്നിവയടക്കമുള്ള ‘സോഷ്യല്‍’ പ്ലാറ്റ്ഫോമുകളില്‍ ‘19 മിനിറ്റ് 4 സെക്കൻഡ് വിഡിയോ’ എന്ന ടാഗും വിഡിയോയും വൈറലാണ്. യുവ ദമ്പതികളുടെ സ്വകാര്യ രംഗങ്ങളടങ്ങിയ എംഎംഎസ് ആണ് ഇതെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. ഇതില്‍ അശ്ലീലമോ ആക്ഷേപകരമോ ആയ ഉള്ളടക്കം അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിലര്‍ എഐ വിഡിയോ ആണെന്ന് വാദിക്കുമ്പോള്‍, വ്യക്തമായ സംഭാഷണ ശകലങ്ങളുണ്ടെന്നും ദൃശ്യങ്ങള്‍ ഒറിജിലനാണെന്നും മറ്റുചിലര്‍ അവകാശപ്പെടുന്നു.

sweet_zannat എന്ന ഇന്‍സ്റ്റഗ്രാം ഇന്‍റഫ്ലുവന്‍സറുടേതാണ് ദൃശ്യങ്ങള്‍ എന്ന തരത്തിലും പ്രചാരണമുണ്ടായി. തൊട്ടുപിന്നാലെ യുവതി ഇക്കാര്യം നിഷേധിക്കുകയും തന്നെ ഉപദ്രവിക്കുന്നതെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ‘ഞാനും ഇവളും ഒരുപോലെയാണോ? അല്ല! പിന്നെ എന്തിനാണ് എന്റെ കമന്റ് സെക്ഷനിൽ ആളുകൾ '19 മിനിറ്റ്' എന്ന് കമന്‍റിടുന്നത്?’ – ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ യുവതി പറഞ്ഞു. ഇതുപോലെ മറ്റ് പല സ്ത്രീകളുടെ പേരിലും ഇതേ വിഡിയോ പ്രചരിക്കുന്നുണ്ട്.

അടിയന്തര സന്ദേശം!

‘ഇന്ത്യക്കാർക്ക് പൊലീസിന്‍റെ അടിയന്തര സന്ദേശം!’ എന്ന തലക്കെട്ടിലാണ് ഹരിയാന എൻ‌സി‌ബി സൈബർ സെൽ ഓഫീസർ അമിത് യാദവ് വൈറല്‍ വിഡിയോയെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി പങ്കിട്ടത്. വിഡിയോ കാണുകയോ പങ്കിടുകയോ ചെയ്യുന്നതിന് മുന്‍പ് ചിന്തിക്കണമെന്നും ഇത്തരം വിഡിയോകള്‍ ഷെയര്‍ ചെയ്യുന്നത് ഗുരുതര സൈബര്‍ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള ശിക്ഷകളും അദ്ദേഹം വിശദമാക്കുന്നുണ്ട്. വിഡിയോ എഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഒരു ഫോട്ടോയോ വിഡിയോയോ എഐ ജനറേറ്റഡ് ആണോ എന്ന് siteengine.com എന്ന വൈബ്സൈറ്റ് വഴി പരിശോധിക്കാമെന്നും വ്യക്തമാക്കുന്നു.

ശിക്ഷാർഹം!

ഇത്തരം വിഡിയോകളോ ഉള്ളടക്കങ്ങളോ പങ്കുവയ്ക്കുന്നവര്‍ക്കെതിരെ 2000ലെ ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്ടിലെ 67, 67എ, 66 എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുക്കാമെന്നും അമിത് യാദവ് വ്യക്തമാക്കി. സെക്ഷന്‍ 66 ലംഘിച്ചാല്‍ 3 വർഷം വരെ തടവോ, 5 ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ‍ഡിജിറ്റല്‍– ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി അശ്ലീല ഉള്ളടക്കം പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതിനാണ് സെക്ഷന്‍ 67. ഇതിനും 3 വർഷം വരെ തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാം. ലൈംഗിക ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 67A അനുസരിച്ച് 5 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ തടവുശിക്ഷ 7 വർഷം വരെ നീളും.

ENGLISH SUMMARY:

Haryana Police has issued an urgent public warning against viewing or sharing the viral '19 Minutes 4 Seconds Video' circulating on WhatsApp, Instagram, and X, which allegedly contains private moments of a young couple. NCB Cyber Cell Officer Amit Yadav confirmed the video is likely AI-generated but stressed that sharing such obscene or derogatory content is a severe cybercrime. He cited sections 66, 67, and 67A of the IT Act, which carry penalties including up to 7 years in prison and a ₹10 lakh fine for sharing sexually explicit material. The warning follows confusion and harassment faced by influencer 'sweet_zannat,' whose identity was falsely linked to the video.