കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത‍്യന്‍ ടെക്കി അറസ്റ്റിൽ. തെലങ്കാന സ്വദേശിയായ അവിനാഷ്(30) ആണ് അമേരിക്കയിൽ അറസ്റ്റിലായത്. 2025 ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം. ബെല്ലെവ്യവിലുള്ള തന്‍റെ അപ്പാർട്ട്മെന്‍റിൽ വച്ച് ഭാര്യ രാജിത സബ്ബിനേനിയെ(27) പ്രതി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പീന്നീട് ഭാര്യ ബാത്ത്റൂമില്‍ കയറി വാതില്‍ പൂട്ടിയെന്നും തുറക്കുന്നില്ലെന്നും പറഞ്ഞ് അവിനാഷ് പൊലീസിനെ വിളിച്ചു. പൊലീസുകാരെത്തി ബാത്ത്റൂം തകര്‍ത്തപ്പോള്‍ ഭാര്യയെ തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
താന്‍ ജോലിയ്ക്ക് പോയിരിക്കുകയായിരുന്നുവെന്നും ഏകദേശം 40 മിനിറ്റിനുശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ ഭാര്യ ബാത്ത്റൂമില്‍ ആയിരുന്നു വിളിച്ചിട്ടും തുറന്നില്ലെന്നുമാണ് യുവാവ് പറഞ്ഞിരുന്നത്. പുറത്തുനിന്നും മറ്റാരും വീട്ടിൽ കയറിയിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം ശ്വാസം മുട്ടിയാണെന്ന് കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ വിവരം പുറംലോകമറിഞ്ഞത്.
ഇന്ത‍്യയിലുള്ള യുവതിയുമായി കല്ല്യാണത്തിന് മുന്‍പ് മുതല്‍ അവിനാഷിന് ബന്ധമുണ്ടായിരുന്നു. 2025 ജൂണില്‍ വിവാഹം നടക്കുമ്പോഴും ഇവര്‍ തമ്മില്‍ സ്നേഹബന്ധത്തിലായിരുന്നു. അവിനാഷിന്‍റെ വിവാഹത്തിനും കാമുകി പങ്കെടുത്തിരുന്നു. വിവാഹത്തിനുശേഷവും ഈ സ്നേഹബന്ധം അവിനാഷ് തുടര്‍ന്നു. പിന്നാലെയാണ് കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
ഇരുവരും ആസൂത്രണം ചെയ്താണ് കൊലപാതകം ചെയ്തത്. കൊലയ്ക്ക് ശേഷം മൃതദേഹത്തിന്‍റെ ഫോട്ടോയും കാമുകിയ്ക്ക് അയച്ചുകൊടുത്തിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ അവിനാഷ് തയാറാക്കി നൽകിയ സ്മൂത്തിയിൽ മരുന്നിന്റെ രുചിയും കയ്പുമുണ്ടെന്നും പറഞ്ഞ് രാജിത അയച്ച സന്ദേശങ്ങളും ഫോണില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.