arrest-hotel

TOPICS COVERED

രാജ്യത്തെ വിവിധ നഗരങ്ങളിലായി ആഡംബര ഹോട്ടലുകളില്‍ താമസിച്ച് ബിൽ അടക്കാതെ മുങ്ങിയ തമിഴ്നാട് സ്വദേശി ഒടുവിൽ പിടിയിൽ. തൂത്തുക്കുടി സ്വദേശിയായ ബിങ്സൺ ജോണ്‍ എന്ന 69കാരനാണ് പൊലീസ് പിടിയിലായത്. 

പൊലീസ് പറയുന്നതനുസരിച്ച്, 30 വര്‍ഷത്തോളമായി ഇയാള്‍ 300ലധികം ആഡംബര ഹോട്ടലുകളില്‍ താമസിച്ച് പണമടക്കാതെ മുങ്ങുന്ന വ്യക്തിയാണ്. വിദേശ ടൂറിസ്റ്റ് ഗൈഡ്, അധ്യാപകൻ, യോഗ പരിശീലകൻ തുടങ്ങി വിവിധ പദവികള്‍ പറഞ്ഞാണ് ഇയാള്‍ ആഡംബര ഹോട്ടലുകളിൽ മുറിയെടുത്തിരുന്നത്.  ദിവസങ്ങളോളം മുറിയില്‍ താമസിക്കുകയും പിന്നീട് പണമടയ്ക്കാതെ മുങ്ങുകയുമാണ് ഇയാളുടെ പതിവ്. ചില ഹോട്ടലുകളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചതായും പരാതിയുണ്ട്. 

റായ്പൂരിലെ ഹയാത്ത് ഹോട്ടലിൽ രണ്ട് ദിവസം താമസിച്ചശേഷം 63,755 രൂപയുടെ ബിൽ അടക്കാതെ ഇയാൾ മുങ്ങിയിരുന്നു. കൂടാതെ അവിടെനിന്ന് 1.48 ലക്ഷം രൂപ വില വരുന്ന ലാപ്ടോപ്പും ഇയാൾ മോഷ്ടിച്ചു. വിലകൂടിയ വസ്ത്രം ധരിച്ച് സമ്പന്നനായ ഒരാളെപോലെയാണ് ഇയാള്‍ ഹോട്ടലിലെത്തുന്നത്. ജീവനക്കാരോട് മാന്യമായ പെരുമാറ്റം ആയിരുന്നതിനാൽ മുൻകൂറായി പണവും ആവശ്യപ്പെട്ടില്ലായിരുന്നു. തുടർന്ന് ഇയാൾ പണം നൽകാതെ മുങ്ങി. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍  ഇയാൾ ഒഡീഷയിലെ ഭുവനേശ്വറിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ലാപ്ടോപ്പും ഇയാളില്‍ നിന്ന് കണ്ടെടുത്തു. 

പ്രതി1980കളിൽ ഡൽഹിയിൽ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തു വരികയായിരുന്നു. ജോലിയുടെ ഭാഗമായി വിനോദസഞ്ചാരികളോടൊപ്പം പല ഹോട്ടലുകളിലും സൗജന്യമായി താമസിച്ചു. ഒരിക്കൽ ഒരു ആഡംബര ഹോട്ടലിലെ ജീവനക്കാർ തന്നെ അപമാനിച്ചതായും അന്നുമുതലാണ് പഞ്ചനക്ഷത്ര ഹോട്ടലുകൾ ലക്ഷ്യമിട്ട് തട്ടിപ്പുകൾ ആരംഭിച്ചതെന്നും ഇയാൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കൂടാതെ തിഹാർ ജയിലിൽ കഴിയുമ്പോൾ കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജിന്റെ കഥകൾ തന്നെ സ്വാധീനിച്ചതായും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഹോട്ടലുകളിൽ മുറി എടുക്കാനായി ചാൾസ് ശോഭരാജിനെപ്പോലെ തന്നെ വ്യാജ ഐഡന്റിറ്റികളാണ് സ്വീകരിച്ചിരുന്നത്. ഒന്നിലേറെ ബാഗുകളുമായി ഹോട്ടലിലെത്തുന്ന ഇയാള്‍ മുങ്ങുമ്പോള്‍ കടലാസുകൾ കുത്തിനിറച്ച ബാഗ് അവിടെ ഉപേക്ഷിക്കും. ഇതോടെ ഹോട്ടല്‍ ജീവനക്കാര്‍ ഇയാള്‍ ഇവിടെ താമസം തുടരുന്നുണ്ടെന്ന് കരുതും. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആളെ കാണാതാകുമ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിയുക. 

1996ലാണ് ഇയാൾ ആദ്യം അറസ്റ്റിലാകുന്നത്. 2022ൽ തിരുവനന്തപുരത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് പണമടക്കാതെ മുങ്ങിയതിനെ തുടർന്നും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം, തെലങ്കാന, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലടക്കം നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

A 69-year-old con man from Tuticorin, Tamil Nadu, named Bingson John, has been arrested by the police for cheating over 300 luxury hotels across India for the last 30 years by staying without paying bills. Posing as a rich tourist guide, yoga trainer, or teacher, his modus operandi was to leave bags stuffed with newspapers in the room to make staff believe he was still staying, before fleeing. He was recently tracked down to Bhubaneswar by the Cyber Cell after he fled Hyatt Hotel in Raipur without paying a bill of ₹63,755 and stealing a laptop worth ₹1.48 lakhs. Influenced by notorious criminal Charles Sobhraj during a previous stint in Tihar Jail, Bingson has cases registered against him in over 10 states.