Image: Instagram/wanderwithrishabh
തായ്‌ലന്‍ഡില്‍ വിദേശ വനിതകളുടെ അനുവാദമില്ലാതെ അവരുടെ ഫോട്ടോകള്‍ രഹസ്യമായി പകര്‍ത്തുകയായിരുന്ന ഇന്ത്യന്‍ യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് മറ്റൊരു ഇന്ത്യക്കാരന്‍. തായ്‌ലന്‍ഡിലെ ഒരു ബീച്ചില്‍ നിന്നുള്ള ദൃശ്യങ്ങളാണ് റിഷഭ് യാദവ് എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവ് പങ്കുവച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വിദേശ രാജ്യങ്ങളിലെത്തുന്ന ഇന്ത്യക്കാരുടെ പെരുമാറ്റത്തെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. അതേസമയം, നിലവില്‍ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തതായാണ് കാണുന്നത്.
റിഷഭ് പങ്കുവച്ച ദൃശ്യങ്ങളില്‍ ഒരു കൂട്ടം ഇന്ത്യക്കാര്‍ ബീച്ചിലിരുന്ന് സമീപത്തുള്ള വനിതകളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതായി കാരണം. ഇവര്‍ ഓരോ തവണയും കൂടുതല്‍ സൂം ചെയ്തുകൊണ്ട് രഹസ്യമായി ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും പ്രദേശത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നുണ്ടെന്നും റിഷഭ് വിഡിയോക്ക് താഴെ കുറിച്ചു. പൗരബോധം എന്നത് നമ്മള്‍ ആഴത്തില്‍ പഠിക്കേണ്ട ഒന്നായിരിക്കുന്നുവെന്നും റിഷഭ് കുറിച്ചു. ‘നോക്കൂ, ഈ യുവാക്കള്‍ വിദേശ വനിതകളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങൾ പകര്‍ത്തുകയാണ്, അതും സൂം ചെയ്തുകൊണ്ട്. എന്തുകൊണ്ടാണ് ആളുകൾ ഇന്ത്യക്കാരെ മോശമായി കാണുന്നത് എന്ന് ആരെങ്കിലും ചോദിച്ചാൽ, അതിനുള്ള ഒരു കാരണം ഇതാണ്’ വിഡിയോയില്‍ റിഷഭ് പറയുന്നു.
തുടർന്ന് ഫോണ്‍ ക്യാമറ തന്‍റേ നേര്‍ക്ക് പിടിച്ചുകൊണ്ട് ദയവായി ഇത് ചെയ്യരുതെന്നും റിഷഭ് അപേക്ഷിക്കുന്നു. ‘ഇന്ത്യയിലായിരിക്കുമ്പോൾ നമ്മൾ പൗരബോധത്തിന്റെ പ്രാധാന്യം മനസിലാക്കുന്നില്ല എന്ന് എനിക്കറിയാം, പക്ഷേ വിദേശത്തായിരിക്കുമ്പോൾ, അവിടെ നമ്മൾ നമ്മുടെ രാജ്യത്തിന്റെ പ്രതിനിധികളാണ്’ റിഷഭ് പറഞ്ഞു. വിദേശത്ത് നമ്മുടെ ഓരോ പ്രവൃത്തിയും ഇന്ത്യക്കാരെ ആഗോളതലത്തിൽ എങ്ങനെ കാണുന്നു എന്നതിൽ പങ്കു വഹിക്കുന്നുണ്ടെന്നും ചിലർ ചെയ്യുന്ന ലജ്ജാകരമായ കാര്യങ്ങൾ എല്ലാവരേയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിഡിയോക്ക് താഴെ കമന്‍റുകളുമായി നെറ്റിസണ്‍സും എത്തിയിട്ടുണ്ട്. നിരവധി ഉപയോക്താക്കൾ യുവാക്കളുടെ പെരുമാറ്റത്തെ അപലപിച്ചു. ഇതുകൊണ്ടാണ് വിദേശത്ത് ഇന്ത്യക്കാർക്ക് ചീത്തപ്പേര് ലഭിക്കുന്നതെന്ന് ഒരാള്‍ കുറിച്ചു. മര്യാദകൾ വീട്ടിൽ ഉപേക്ഷിച്ചല്ല യാത്ര ചെയ്യേണ്ടതെന്നും പൗരബോധം സ്വാഭാവികമായി വരേണ്ടതാണെന്നും മറ്റൊരു ഉപയോക്താവും അഭിപ്രായപ്പെട്ടു. ‘നമ്മളിൽ ചിലർ വിദേശത്തെത്തിയാല്‍ വിമർശനം ക്ഷണിച്ചുവരുത്തുന്ന രീതിയിൽ പെരുമാറുന്നു. നിങ്ങൾ സന്ദർശിക്കുന്ന സ്ഥലത്തെ ബഹുമാനിക്കുക, അല്ലെങ്കിൽ യാത്ര ചെയ്യരുത്’ എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍.