റോഡ് സുരക്ഷ നിരീക്ഷിക്കാൻ വേണ്ടിയുള്ള ആൻ്റി-ട്രാഫിക് മാനേജ്‌മെൻ്റ് സിസ്റ്റം(ATMS) ദുരൂപയോഗം ചെയ്ത് ജീവനക്കാര്‍. കണ്‍ട്രോള്‍ റൂമിലിരുന്ന ജീവനക്കാര്‍ ക്യാമറ സൂം ചെയ്ത് കാറിലെ സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ഇതുപയോഗിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയുടെ നിരീക്ഷണ സംവിധാനത്തിനുള്ളിൽ ഒരു ബ്ലാക്ക്മെയില്‍ റാക്കറ്റിനെ തന്നെയാണ് കണ്ടെത്തിയത്.
എടിഎംഎസില്‍ നിന്നും അനധികൃതമായി വിഡിയോ ചോർന്നതായി ദേശീയപാത പ്രോജക്ട് അതോറിറ്റി റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് സംഘം വലയിലായത്. ഓപ്പറേറ്റർ കമ്പനിയായ എസ്‌സിഐപിഎൽ സൂപ്പർവേവ് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫ്ര സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് അസിസ്റ്റൻ്റ് മാനേജർ ആശുതോഷ് സർക്കാർ, സിസ്റ്റം ടെക്നീഷ്യൻ അഭിഷേക് തിവാരി, സിസ്റ്റം എഞ്ചിനീയർ പ്രമോദ് പട്ടേൽ എന്നിവര്‍ അറസ്റ്റിലായി. ട്രാഫിക് മാനേജർ ശശാങ്ക് ശേഖർ ഒളിവിലാണെന്നാണ് റിപ്പോർട്ടുകള്‍. ഓപ്പറേറ്റിങ് കമ്പനി അറസ്റ്റിലായ മൂന്ന് പേരെയും ഒളിവിലുള്ള ട്രാഫിക് മാനേജരെയും പിരിച്ചുവിട്ടു.
കഴിഞ്ഞ രണ്ടര വർഷത്തിനിടെ സമാനമായ രീതിയില്‍ ആയിരക്കണക്കിന് വിഡിയോകള്‍ എടുത്തിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ അശുതോഷ് സര്‍ക്കാര്‍ പറഞ്ഞു. വിഡിയോ റെക്കോർഡ് ചെയ്തതിന് ശേഷം വാഹനങ്ങളെ പിന്തുടര്‍ന്നായിരുന്നു ഇവരുടെ ഭീഷണി. പണം നൽകിയില്ലെങ്കിൽ വിഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യാത്രികരില്‍ നിന്നും പണം മേടിക്കും. ഭീഷണിക്ക് വിധേയരായി സംഘത്തിന് 32,000 രൂപ നല്‍കിയ ദമ്പതികളുടെ വിഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. പിന്നാലെ ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കുകയായിരുന്നു.