വ്യാജഡോക്ടര്‍, മുനിഷ്ര, മിശ്രയുടെ മരുമകന്‍
വയറ്റില്‍ കടുത്ത വേദനയുമായി വന്ന 25കാരിക്ക് വ്യാജഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയയെത്തുടര്‍ന്ന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അനധികൃത ക്ലിനിക് അടച്ചുപൂട്ടി. ഒളിവില്‍ പോയ പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി.
ഡിസംബര്‍ നാലിനാണ് കടുത്ത വയറുവേദനയുമായി മുനിഷ്ര റാവത്തും ഭര്‍ത്താവ് തേജ് ബഹാദൂര്‍ റാവത്തും വീടിന് 4കിമീ ദൂരത്തുള്ള ക്ലിനിക്കിലെത്തിയത്. ക്ലിനിക് നടത്തിയിരുന്ന ഗ്യാന്‍ പ്രകാശ് മിശ്ര യുവതിയ്ക്ക് മൂത്രത്തില്‍ കല്ലാണെന്നും ഉടന്‍ തന്നെ ശസ്ത്രക്രിയ ആവശ്യമാണെന്നും പറഞ്ഞു. 25,000രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കായി 20,000 രൂപ ദമ്പതികള്‍ അടച്ചു. ശസ്ത്രക്രിയയുടെ സഹായത്തിനായി മിശ്ര തന്റെ മരുമകനേയും വിളിച്ചു വരുത്തിയിരുന്നതായി യുവതിയുടെ കുടുംബം പറയുന്നു. തുടര്‍ന്ന് മിശ്ര മറ്റാരെയൊക്കെയോ സഹായത്തിനു വിളിച്ചെങ്കിലും ആരുമെത്തിയില്ല. പിന്നെ വൈകാതെ കടുത്ത ആത്മവിശ്വാസത്തില്‍ യുട്യൂബ് നോക്കി ശസ്ത്രക്രിയ ആരംഭിച്ചു. വയറ്റില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കിയ ശേഷം കണ്ണില്‍കണ്ട ഞരമ്പുകളെല്ലാം മുറിച്ചുമാറ്റിയതായി യുവതിയുെട ഭര്‍ത്താവ് ആരോപിക്കുന്നു.
ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടില്‍ പോയിവരാമെന്നു പറഞ്ഞ റാവത്തിനെ മണിക്കൂറുകള്‍ക്കുള്ളില്‍ മിശ്ര തിരിച്ചുവിളിക്കുകയും മുനിഷ്രയുടെ ആരോഗ്യനില മോശമാണെന്ന് അറിയിക്കുകയും ചെയ്തു. റാവത്ത് ആശുപത്രിയിലെത്തിയപ്പോള്‍ കണ്ടത് ചേതനയറ്റ് കിടക്കുന്ന ഭാര്യയേയാണ്.
എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന റാവത്ത് പിന്നാലെ കോത്തി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അതൊരു വ്യാജക്ലിനിക് ആണെന്നും നാട്ടുകാരെ ചികിത്സിച്ചിരുന്ന മിശ്ര വ്യാജഡോക്ടറാണെന്നും കണ്ടെത്തി. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് പൊലീസ് കേസെടുത്തു. കൂലിതൊഴിലാളിയായ റാവത്തിനും മുനിഷ്രയ്ക്കും മൂന്ന് കുഞ്ഞുകുട്ടികളാണുള്ളതെന്ന് പൊലീസ് പറയുന്നു. തെറ്റായ ശസ്ത്രക്രിയയെത്തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് ബാരാബങ്കി പൊലീസ് സൂപ്രണ്ട് അര്‍പിത് വിജയ്‌വര്‍ഗിയ അറിയിച്ചു.
സംഭവത്തിനു പിന്നാലെ ഒളിവില്‍പ്പോയ പ്രതികള്‍ക്കായി ഊര്‍ജിതമായ തിരച്ചില്‍ നടത്തുകയാണെന്ന് ബാരാബങ്കി സിഐ സമീര്‍കുമാര്‍ സിങ് പറഞ്ഞു. യുവതിയുടെ മരണത്തിനു പിന്നാലെ സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ കടുത്ത പ്രതിഷേധം നടന്നു.