Image: Manorama
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡല്‍ഹി വിമാനത്താവളത്തില്‍ മൂന്നുമണിക്കൂറോളം തടഞ്ഞുവച്ചതായും 50,000രൂപ പിഴ ചുമത്തിയെന്നും ആം ആദ്മി പാര്‍ട്ടി (എഎപി) ആരോപിക്കുന്നു. പഞ്ചാബികളെ അപമാനിക്കാനുള്ള ഒരു ചാന്‍സും കേന്ദ്രസര്‍ക്കാര്‍ പാഴാക്കില്ലെന്നും എഎപി പറയുന്നു. അതേസമയം ലഗേജിലുണ്ടായിരുന്ന ചില സാധനങ്ങളുടെ വിവരങ്ങള്‍ നല്‍കാത്തതിനെത്തുടര്‍ന്നാണ് മന്നിന് കസ്റ്റംസ് തീരുവ ചുമത്തിയതെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.
Also Read: ‘ഞാൻ എന്തെങ്കിലും ചെയ്തു തരണോ?’: 1000 കിലോമീറ്റർ നടന്നെത്തിയ ആരാധകനോട് ഹാർദിക്; ഹൃദ്യം
ഫ്രാന്‍സ് സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ പഞ്ചാബ് മുഖ്യമന്ത്രിയെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിച്ചുവച്ചതായി ആരോപിക്കപ്പെടുന്നത്. എഎപി പഞ്ചാബ് മീഡിയ ഇന്‍ ചാര്‍ജ് ബല്‍തേജ് പന്നുവാണ് വിവരം എക്സിലൂടെ പങ്കുവച്ചത്. പാരിസ് യാത്രക്കായി ശ്രമിച്ചപ്പോള്‍ പ്രധാനമന്ത്രി അനുവദിച്ചില്ലെന്നും ഒടുവില്‍ പഞ്ചാബ്–ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിന്റെ ബലത്തിലാണ് പോയതെന്നും പന്നു അവകാശപ്പെടുന്നു.
വിദേശയാത്രകള്‍ പോകുന്ന സമയത്ത് പഞ്ചാബ് മുഖ്യമന്ത്രി ഈ വിധത്തില്‍ തടയപ്പെടുന്നത് ഇതാദ്യമായല്ലെന്നും നാലാം തവണയാണ് സമാനാനുഭവമെന്നും പന്നു പറയുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ ഭക്ഷ്യമേളയില്‍ പ്രാദേശിക ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രി പോയതെന്നും അര്‍ഹമായ പ്രോട്ടോക്കോള്‍ നല്‍കിയില്ലെന്നും പന്നു ആരോപിക്കുന്നു. പാരീസിലെ ഇന്ത്യൻ കോൺസൽ ജനറൽ പോലും അദ്ദേഹത്തെ കാണാനെത്തിയില്ലെന്നും എഎപി ആരോപിക്കുന്നു.
Also Read: സൈബര്‍ ആക്രമണം? ഇന്‍സ്റ്റ പേജ് പൂട്ടിച്ചു; ഇന്‍ഫ്ലുവന്‍സര്‍ ജീവനൊടുക്കി
പരിശോധന പൂര്‍ത്തിയായില്ലെന്നും ലഗേജ് എത്താനുണ്ടെന്നും പറഞ്ഞാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പഞ്ചാബ് മുഖ്യമന്ത്രിയെ പിടിച്ചുവച്ചത്. മൂന്നു മണിക്കൂര്‍ കഴിഞ്ഞ് ലഗേജ് വാഹനത്തില്‍ കയറ്റിയ ശേഷമാണ് മന്നിനുമേല് പിഴ ചുമത്തപ്പെട്ടത്. ഉന്നതതലത്തില്‍ നിന്നും വലിയ സമ്മര്‍ദമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തിയതായും എഎപി അവകാശപ്പെടുന്നു. മന്നിനൊപ്പം ഭാര്യ ഗുർപ്രീത് കൗറും ഉണ്ടായിരുന്നു.
മോദിക്കും കൂട്ടര്‍ക്കും അധികാരത്തിന്റെ ഗര്‍വ്വാണെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് വിമര്‍ശിച്ചു. രാവണന്റെ അഹങ്കാരം പോലും ദസറയോടുകൂടി അവസാനിച്ചു, എന്നിട്ടും മോദിയുടെ അഹങ്കാരം മാറിയില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ, നിയമങ്ങൾ ലംഘിച്ചതിനാലാണ് മന്നിനെയും ഭാര്യ ഗുർപ്രീത് കൗറിനെയും തടഞ്ഞുവച്ചതെന്ന് ശിരോമണി അകാലിദൾ ജനറൽ സെക്രട്ടറി ബിക്രം സിങ് മജീതിയ പ്രതികരിച്ചു. കൂടുതല്‍ ലഗേജ് കൈവശം വച്ചെന്നു പറഞ്ഞ് മന്നിനേയും ഭാര്യയേയും ചോദ്യം ചെയ്തതായും മജീതിയ പറഞ്ഞു. ഇതോടെ വിഷയം പഞ്ചാബില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.