modi-abhijeet

സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. ജന്തർ മന്തറിൽ ദേശീയപതാക വീശിയതിനാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നും അഞ്ച് ദിവസം ജയിലിൽ കിടന്നിട്ടും അവരുടെ ആത്മവീര്യം ഒട്ടും ചോർന്നുപോയിട്ടില്ലെന്നും അഭിജീത് വ്യക്തമാക്കി. തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് അഭിജീത് ദിപ്കെയുടെ പ്രതികരണം.

മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ പുതുതായി നിയോഗിക്കപ്പെട്ട സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിനെ തുടര്‍ന്ന് സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും രണ്ട് ദിവസത്തേക്ക് കൂടി ജുഡീഷ്യൽ റിമാൻഡിൽ വിട്ടു. ഇരുവരും നിലവിൽ തിഹാർ ജയിലിൽ തുടരുകയാണ്. ഇതേതുടർന്നാണ് സർക്കാരിനെതിരെ വിമർശനവുമായി ദിപ്കെ രംഗത്തെത്തിയത്. 

26 വയസുള്ള സൗരവ് ദാസിനെയും 30 വയസുള്ള അശുതോഷ് റാങ്കയെയും ജയിലിൽ അടച്ചാണോ 'വിശ്വഗുരു'വായ നരേന്ദ്ര മോദി തന്‍റെ ശക്തി തെളിയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പൊലീസിനും കോടതിക്കും പിന്നിൽ ഒളിച്ചിരിക്കുന്നത് സർക്കാരിന്‍റെ ബലമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. 

ഇരുവരുടെയും ജാമ്യനടപടികൾ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്ന് സിജെപിയും ആരോപിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് തടയാൻ ഭരണകൂടം എല്ലാത്തരം തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ടെന്നും ജാമ്യത്തിനായി നൽകിയ ആൾജാമ്യ വ്യവസ്ഥകൾ പോലും അനാവശ്യ കാരണങ്ങൾ പറഞ്ഞ് തള്ളിക്കളയുകയായിരുന്നുവെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. 

അഞ്ച് ദിവസത്തെ ജയിൽവാസത്തിന് ശേഷവും കോടതിയിലേക്ക് പുഞ്ചിരിച്ചുകൊണ്ടാണ് ഇരുവരും എത്തിയതെന്നും, സർക്കാരിന്റെ ഭീഷണികൾക്ക് മുന്നിൽ ഇവർ വഴങ്ങില്ലെന്നും അഭിജീത്  ദിപ്കെ പറഞ്ഞു. ഈ ഭരണകൂട ഭീകരതയ്ക്കെതിരെ കൂടുതൽ യുവാക്കൾ പ്രതിഷേധവുമായി മുന്നോട്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ കസ്റ്റഡിയിലുള്ള സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും ബുധനാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും.

ENGLISH SUMMARY:

Cockroach Janta Party founder Abhijith Dipke has launched a scathing attack on Prime Minister Narendra Modi following the extension of judicial custody for party leaders Sourav Das and Ashutosh Rankan. The leaders were detained after staging a protest at Jantar Mantar while waving the national flag, prompting sharp criticism over the administration's handling of dissent. Dipke questioned whether imprisoning young activists is a true sign of strength, accusing the government of hiding behind police and judicial mechanisms. Furthermore, the party alleged that authorities are intentionally delaying bail procedures to keep the activists behind bars.