Image: x.com/sunnewstamil

Image: x.com/sunnewstamil

സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും സണ്‍റൈസേഴ്സ് സിഇഒ കാവ്യ മാരനും തമ്മിലുള്ള വിവാഹ വാര്‍ത്തകള്‍ സ്ഥിരീകരിക്കപ്പെട്ടതിനു പിന്നാലെ വിവാഹ വിരുന്നിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യേയും നേരിൽ കണ്ട് ക്ഷണിച്ച് കുടുംബങ്ങള്‍. സൺ ടിവി നെറ്റ്‌വർക്കിന്റെ തമിഴ് വാർത്താ ചാനലായ 'സൺ ന്യൂസ്' എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് പിന്നാലെയാണ് ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

സൺ ടിവി ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും ഭാര്യ കാവേരി മാരൻ, അനിരുദ്ധിന്റെ മാതാപിതാക്കളായ ലക്ഷ്മി, രവിചന്ദർ എന്നിവർ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് വിവാഹ വിരുന്നിലേക്കുള്ള ക്ഷണക്കത്ത് കൈമാറുകയായിരുന്നു. അനിരുദ്ധും കൂടെയുണ്ടായിന്നെന്നാണ് വിവരം. എന്നാല്‍ ചിത്രങ്ങളില്‍ അനിരുദ്ധ് ഇല്ല. അതേസമയം, തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെയും വിവാഹം ക്ഷണിക്കാനായി അനിരുദ്ധും കാവ്യ മാരന്‍റെ മാതാപിതാക്കളായ കലാനിധി മാരനും കാവേരി മാരനും എത്തിയിരുന്നു. 

നേരത്തെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെയും കുടുംബങ്ങള്‍ വിവാഹ വിരുന്നിലേത്ത് ക്ഷണിച്ചിരുന്നു. മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളെയും മന്ത്രിമാരെയും വിവാഹ വിരുന്നിൽ ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്കും വിരുന്നിലേക്ക് ക്ഷണമുണ്ട്. ALSO READ: അനിരുദ്ധ്–കാവ്യ വിവാഹ വാര്‍ത്ത പുറത്തുവിട്ട് രേവന്ത് റെഡ്ഡി; സല്‍ക്കാരം നവംബര്‍ 21ന് ...

ക്ഷണം ലഭിച്ചതിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് വിവാഹക്കാര്യം പരസ്യമാക്കിയത്. മാരന്‍ കുടുംബാംഗങ്ങളുമൊത്തുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവച്ചതിന് പുറമെ നവംബര്‍ 21നാകും വിവാഹ സല്‍ക്കാരം നടക്കുകയെന്ന വിവരവും അദ്ദേഹം പുറത്തുവിട്ടു. തെലങ്കാന സിഎംഒയുടെ പേജിലാണ് ചിത്രങ്ങളും വിവാഹ സല്‍ക്കാരത്തിന്‍റെ വിവരങ്ങളും പോസ്റ്റ് ചെയ്തത്. മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. റിപ്പോർട്ടുകൾ പ്രകാരം നവംബർ 11-ന് ഗ്രീസിൽ വെച്ചാണ് അനിരുദ്ധ്– കാവ്യ വിവാഹം. എന്നാൽ ഇതുവരെ ഇരു കുടുംബങ്ങളും വിവാഹ തീയതിയോ ചടങ്ങുകളോ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

2025 ല്‍ റെഡ്ഡിറ്റിലാണ് അനിരുദ്ധും കാവ്യയും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ഇരു കുടുംബങ്ങളും വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുവെന്നും കുറിപ്പിലുണ്ടായിരുന്നു. എന്നാല്‍ 'കല്യാണമോ! ഇങ്ങനെ ഓരോന്ന് പറഞ്ഞ് പരത്തല്ലേ' എന്നായിരുന്നു അനിരുദ്ധിന്‍റെ മറുപടി. പക്ഷേ അഭ്യൂഹങ്ങള്‍ തുടര്‍ന്നു. ജൂണില്‍ അനിരുദ്ധിന്‍റെ അമ്മാവന്‍ വൈ.ജി.മഹേന്ദ്ര കല്യാണക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹം എവിടെ വച്ചായിരിക്കുമെന്നതിനെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും കാവ്യ മാരനെ പുകഴ്ത്തി സംസാരിക്കുകയുണ്ടായി. ഇരുവരും നല്ല ജോഡിയായിരിക്കുമെന്നും പറഞ്ഞു.

രജനീകാന്തിന്റെ 'ജയിലർ', 'വേട്ടയ്യൻ', 'കൂലി', വിജയ് നായകനായ 'ലിയോ' തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളായ കാവ്യ മാരൻ സൺ ടിവി നെറ്റ്‌വർക്ക് എക്സിക്യൂട്ടീവ് ഡയറക്ടറും ഐപിഎൽ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമയുമാണ്.

ENGLISH SUMMARY:

Prominent music composer Anirudh Ravichander and Sunrisers Hyderabad CEO Kavya Maran's wedding preparations are in full swing as their families formally invited Prime Minister Narendra Modi in Delhi. Telangana Chief Minister Revanth Reddy earlier confirmed that the grand wedding reception will take place on November 21 following months of online speculation. The families also extended wedding invitations to Tamil Nadu Chief Minister Joseph Vijay and other high-profile dignitaries. Reports indicate that the private wedding ceremony is scheduled to be held in Greece on November 11.