debate-modi

വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മോദിക്ക് മറുപടിയില്ലെന്ന് രാഹുല്‍ പരിഹസിച്ചു. സംവാദം ആഗ്രഹിക്കുന്നുണ്ടോ എന്ന് യുവാക്കളോട് രാഹുല്‍ ഗാന്ധി ചോദിച്ചു. അഭിപ്രായം തേടി എക്സ് പോസ്റ്റിനൊപ്പം വോട്ടെടുപ്പും ആരംഭിച്ചു. 

കോണ്‍ഗ്രസ് വിദേശ ശക്തികളുമായി ചേര്‍ന്ന് രാജ്യത്തെ ഒറ്റിക്കൊടുക്കുന്നു എന്ന ആരോപണം ബിജെപി കടുപ്പിക്കുന്നതിനിടെയാണ് മോദിക്കെതിരെ അതേ ആയുധം രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രയോഗിച്ചത്. വിദേശ ശക്തികളുടെ സഹായത്തോടെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടരുന്നതെന്ന് രാഹുല്‍ ആരോപിച്ചു. അങ്ങനയല്ലെന്ന് തെളിയിക്കാന്‍ മോദിയെ വെല്ലുവിളിക്കുന്നെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ 24 മണിക്കൂർ പിന്നിട്ടിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നത് ചോദ്യം ചെയ്താണ് പരസ്യ സംവാദത്തിനുള്ള രാഹുല്‍ ഗാന്ധിയുടെ പുതിയ വെല്ലുവിളി.

‘ആരാണ് ദേശദ്രോഹി, ആര്‍ക്കാണ് വിദേശ ശക്തികളുമായി ബന്ധം?’, ഒരു മേശക്കപ്പുറവും ഇപ്പുറവുമിരുന്ന് സംസാരിക്കാമെന്നും മാധ്യമങ്ങളും രാജ്യത്തെ ജനങ്ങളും കേള്‍ക്കട്ടെയെന്നും രാഹുല്‍ വെല്ലുവിളിച്ചു. സംവാദത്തിന് മോദിയെ പ്രേരിപ്പിക്കണമെന്ന് രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, ശിവരാജ് സിങ് ചൗഹാന്‍, യോഗി ആദിത്യനാഥ് തുടങ്ങിയ ബിജെപി നേതാക്കളോട് രാഹുല്‍ ഗാന്ധി എക്സ് പോസ്റ്റിലൂടെ ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രയുടെ വിവരങ്ങള്‍ പുറത്തുവിട്ടായിരുന്നു വിവാദത്തില്‍ ബിജെപിയുടെ പരിഹാസം. ഈ മാസം 16 മുതല്‍ 19 വരെ രാഹുല്‍ അമേരിക്കന്‍ പര്യടനത്തിലായിരിക്കുമെന്നും ഇപ്പോള്‍ വോട്ട് ചോരിയല്ല രാഹുല്‍ ഗാന്ധിക്ക് പ്രധാനമെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി എക്സില്‍ കുറിച്ചു.  

ENGLISH SUMMARY:

Rahul Gandhi challenges Narendra Modi to a public debate regarding alleged foreign connections and political controversies. The opposition leader questioned the Prime Minister's silence while initiating a public poll on social media.