Image credit:instagram
ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ ഫിനാന്‍സ് ഇന്‍ഫ്ലുവന്‍സര്‍ വി.ഹാരിഷ് (27) ജീവനൊടുക്കി. ഒന്നര മില്യണോളം ഫോളോവേഴ്സ് ഇന്‍സ്റ്റയിലുണ്ടായിരുന്ന ഹാരിഷ് 'ഫിനാന്‍സ് വിത് ഹാരിഷ്' എന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ ചെയ്തിരുന്നത്. ചെന്നൈയിലെ വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം, സൈബര്‍ ബുള്ളിയിങിനെ തുടര്‍ന്നാണ് തന്റെ മകന്‍ ജീവനൊടുക്കിയതെന്നും വെഞ്ച്വര്‍ സ്റ്റുഡിയോയായ 'സെമുറിയ Inc' സിഇഒ ജേസണ്‍ സാമുവല്‍ മകനെ ടാര്‍ഗറ്റ് ചെയ്ത് ആക്രമിച്ചുവെന്ന് പിതാവ് ആരോപിച്ചു. സാമുവലിന്‍റെ പരാതിയെ തുടര്‍ന്ന് ഹാരിഷിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മെറ്റ പൂട്ടിയെന്നും ഇതോടെ പുതിയ ഹാന്‍ഡില്‍ തുടങ്ങേണ്ടി വന്നുവെന്നും കുടുംബം ആരോപിക്കുന്നു.
എന്നാല്‍, ഹാരിഷിന്‍റെ മരണത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും വസ്തുതകള്‍ തിരിച്ചറിയാതെയാണ് ഹാരിഷ് വിഡിയോ ചെയ്തതെന്നും എക്സ് പോസ്റ്റില്‍ സാമുവല്‍ പ്രതികരിച്ചു. സെബിയുടെ റജിസ്ട്രേഡ് ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസറായിരുന്നില്ല ഹാരിഷെന്നും അടുത്തയിടെ മാത്രമാണ് ഹാരിഷിന് മ്യൂച്വല്‍ ഫണ്ട് അസോസിയേഷനില്‍ അംഗത്വം ലഭിച്ചതെന്നും സാമുവല്‍ പറയുന്നു. താന്‍ ഹാരിഷിന് നേരെ സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ഹാരിഷിന്‍റെ യോഗ്യതയില്ലായ്മകളെ ചൂണ്ടിക്കാട്ടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമാണ് സാമുവലിന്‍റെ വാദം.
'ഹാരിഷിന്‍റെ മരണത്തില്‍ അങ്ങേയറ്റം നടുക്കവും ദുഃഖവും അറിയിക്കുന്നു. അദ്ദേഹത്തിന് നേരെ ഞാന്‍ ഒരിക്കലും സൈബര്‍ ബുള്ളിയിങ് നടത്തിയിട്ടില്ല. ലൈസന്‍സും ഉപദേശം നല്‍കാനുള്ള അധികാരവും ഇല്ലാത്തത് ചൂണ്ടിക്കാട്ടിയിട്ടേയുള്ളൂ. ലൈസന്‍സുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്നതും സെബിയുടെ റജിസ്ട്രേന്‍ ഇല്ലാതിരിക്കെ അഡ്വൈസറാകുന്നത് തെറ്റാണെന്നുമാണ് പറഞ്ഞത്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. കൃത്യമായ സെബി ലൈസന്‍സോടെ വന്ന് വിഡിയോ ചെയ്യുന്നത് തുടരണമെന്ന് ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചതാണ്. ഇത്തരത്തിലൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല'- സാമുവല്‍ കുറിച്ചു. ഹാരിഷിന്‍റെ മരണത്തില്‍ പൊലീസ് ഇതുവരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല.