Image Credit: X
താനും മാതാപിതാക്കളും മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നുവെന്ന് ഭാര്യ നല്‍കിയ പരാതി വ്യാജമാണെന്ന് വിഡിയോ സന്ദേശത്തില്‍ പറഞ്ഞ ശേഷം യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ രാജ്പറ സ്വദേശിയായ വിശ്വരാജ് ഗൊഹിലാണ് താനെ അതിര്‍ത്തിയിലുള്ള കൊക്കയിലേക്ക് ചാടി മരിച്ചത്. മരിക്കുന്നതിന് മുന്‍പായി 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയും വിശ്വരാജ് ചിത്രീകരിച്ചു.
ഭാര്യ തന്‍റെ കുടുംബത്തിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്നും എന്നാല്‍ അത് വാസ്തവമായിരുന്നില്ലെന്നും യുവാവ് അവകാശപ്പെടുന്നു. കള്ളപ്പരാതി തന്‍റെ മനസമാധാനവും സ്വസ്ഥതയും കളഞ്ഞുവെന്നും കുടുംബം അപമാനിതരായെന്നും യുവാവ് പറയുന്നു. കുടുംബത്തെ നാണംകെടുത്തിയതില്‍ കടുത്ത മനോവിഷമം തനിക്കുണ്ടെന്നും യുവാവ് വിഡിയോയില്‍ പറയുന്നു.
ഈ ഫെബ്രുവരി എട്ടിനാണ് വിശ്വരാജ്, സാവരിയ എന്ന യുവതിയെ വിവാഹം കഴിച്ചത്. സെപ്റ്റംബറില്‍ യുവതി ഗാര്‍ഹിക പീഡന പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇതില്‍ പൊലീസ് കേസെടുക്കുകയും അന്വേഷണം നടക്കുകയുമാണ്. കേസുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുന്‍പ് വിശ്വരാജ് കോടതിയിലും ഹാജരായിരുന്നു. ബന്ധം പിരിയുകയാണെന്നും ആഭരണങ്ങളടക്കം തിരികെ നല്‍കണമെന്നുമായിരുന്നു സാവരിയയുടെ ആവശ്യം. എന്നാല്‍ ആഭരണങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും പൊലീസ് പറയുന്നു. ഗാര്‍ഹിക പീഡന നിയമങ്ങള്‍ തിരുത്തേണ്ട സമയം കഴിഞ്ഞുവെന്നും ആളുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്നുമെല്ലാം യുവാവ് വിഡിയോയില്‍ പറയുന്നുണ്ട്.
ക്ലിഫിനടുത്ത് ഒരു ബൈക്കും മൊബൈല്‍ ഫോണുമിരിക്കുന്നത് കണ്ട ആളുകളാണ് പൊലീസില്‍ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ഫോണില്‍ നിന്ന് വിവരം ശേഖരിച്ച ശേഷം വിശ്വരാജിന്‍റെ കുടുംബത്തെ ബന്ധപ്പെടുകയായിരുന്നു. കൊക്കയിലേക്ക് ചാടിയിട്ടുണ്ടെന്ന് ഉറപ്പിച്ചതോടെ ഡ്രോണ്‍ ക്യാമറയുടെ സഹായത്തോടെ തിരച്ചില്‍ തുടങ്ങി. പര്‍വതാരോഹകരുടെ കൂടി സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് 24 മണിക്കൂറിനൊടുവില്‍ മൃതദേഹം കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)