വർഷങ്ങളായി തർക്കത്തിൽ കിടന്ന ഭൂമി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പത്താന് വിട്ടുനൽകി ഗുജറാത്ത് സർക്കാർ. വഡോദര മുനിസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 978 ചതുരശ്ര മീറ്റർ ഭൂമിയാണ് പത്താന് അനുവദിച്ചത്. വർഷങ്ങളായി ഈ ഭൂമിയുടെ അവകാശത്തെ ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ട്. പത്താന്റെ കുടുംബ ബംഗ്ലാവിനോട് ചേർന്നു കിടക്കുന്ന ഈ ഭൂമി വിട്ടുനൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെ 2012 മുതൽ നിലനിന്നിരുന്ന വിവാദത്തിനാണ് വിരാമമാകുന്നത്.
രാജ്യാന്തര താരമെന്ന നിലയിലെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി 99 വർഷത്തെ പാട്ടത്തിന് യൂസഫ് പത്താൻ ഭൂമി ആവശ്യപ്പെട്ടെങ്കിലും 2014ൽ സർക്കാർ ഇത് തള്ളിയിരുന്നു. തുടർന്ന് അനുമതി ഇല്ലാതെ ഈ സ്ഥലത്ത് ചുറ്റുമതിൽ കെട്ടി കൈവശപ്പെടുത്തിയതിന് 2024 ജൂണിൽ വഡോദര മുനിസിപ്പൽ കോർപ്പറേഷൻ പത്താന് കൈയേറ്റ നോട്ടിസ് അയക്കുകയും ചെയ്തിരുന്നു. 2024 ജൂണിൽ പശ്ചിമ ബംഗാളിലെ ബഹറാംപൂർ ലോക്സഭാമണ്ഡലത്തിൽ നിന്ന് എംപി ആയതിന് പിന്നാലെയായിരുന്നു പത്താന് നോട്ടിസ് അയച്ചത്. ഇതിനെതിരെ അദ്ദേഹം ഹൈക്കോടതിയിൽ നൽകിയ അപ്പീൽ അടുത്തിടെ പിൻവലിച്ചിരുന്നു.
പുതിയ ഉത്തരവ് അനുസരിച്ച് ഇതിൽ 500 ചതുരശ്ര മീറ്റർ ഭൂമി റെസിഡൻഷ്യൽ ആവശ്യത്തിനായി സൗജന്യമായും ബാക്കി 478 ചതുരശ്ര മീറ്റർ പ്രസ്തുത വിലയുടെ 55 ശതമാനം ഇളവുളള നിരക്കിലുമാണ് കൈമാറുന്നത്. ഈ വർഷം മെയ് മാസത്തിൽ തൃണമൂൽ കോൺഗ്രസ് വിട്ട് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്ന യൂസഫ് പത്താന്റെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെയാണ് ഗുജറാത്ത് സർക്കാരിന്റെ നിർണായക നീക്കം.